ബിറ്റ് കോയിനെതിരേ നിയമം പരി​ഗണനയിൽ: നിർമല സീതാരാമൻ

ന്യൂഡൽഹി:ബിറ്റ്കോയിന് ഇന്ത്യയിൽ അം​ഗീകാരം നൽകില്ലെന്നു ധനമന്ത്രി നിർമല സീതാരാമൻ. ഇതു സംബന്ധിച്ച നിയമ നിർമാണം പാർലമെന്റിന്റെ പരി​ഗണനയിലാണ്. ഏതെങ്കിലും ​​ഗവണ്മെന്റിന്റെയോ അം​ഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയോ അം​ഗീകാരമില്ലാത്ത, എന്നാൽ സ്വകാര്യ പണമിടപാട് വ്യവസ്ഥകളോടെ നടത്തുന്ന വിനിമയ സമ്പ്രദായമാണ് ക്രിപ്റ്റോകറൻസി. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. 2008ൽ പ്രാബല്യത്തിൽ വന്ന ഈ സമ്പ്രദായത്തിന്റെ ഉറവിടം വ്യക്തമല്ല. സ്വകാര്യ വ്യക്തിയോ വ്യക്തികളോ ആണു സ്ഥാപകരെന്നാണു വിശ്വാസം. ലോകത്ത് സ്വകാര്യ പണമിടപാടുകൾക്ക് വ്യാപകമായി ഇപ്പോൾ ബിറ്റ്കോയിൻ ഉപയോ​ഗിക്കുന്നുണ്ട്. സാധാരണ കറൻസികളെക്കാൾ വളരെ ഉയർന്ന വിനിമയ മൂല്യമാണ് ബിറ്റ്കോയിനുള്ളത്. 42 ലക്ഷം രൂപയ്ക്കു മുകളിലാണ് ബിറ്റ്കോയിന്റെ ഇന്ത്യയിലെ മൂല്യം.

ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 എന്ന പേരിൽ ഒരു ബിൽ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് നടപ്പ് പാർലമെന്റ് സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നിയമപരിരക്ഷയില്ല. എന്നാൽ ഇടപാടുകൾ നടക്കുന്നുമുണ്ട്. അതിന്റെ വിവരങ്ങൾ സർക്കാർഡ ശേഖരിച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. 2018 ൽ കേന്ദ്രം ക്രിപ്റ്റോ ഇടുപാടുകൾ പൂർണ്ണമായും വിലക്കിയെങ്കിലും സുപ്രീം കോടതി നിയന്ത്രണം എടുത്തുകളഞ്ഞു. ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 വഴി ഇന്ത്യ റിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക് സാധുത നൽകാനാണ് ശ്രമിക്കുന്നത്. മറ്റ് ഡിജിറ്റൽ കറൻസികൾ അം​ഗീകരിക്കില്ല. ക്രിപ്റ്റോകറൻസി വിരുദ്ധ നിലപാടാണ് റിസർവ് ബാങ്കിനുള്ളത്. ഇക്കാര്യത്തിൽ ഗൗരവതരമായ ആശങ്കകൾ റിസർവ് ബാങ്ക് തുടക്കം മുതൽ മുന്നോട്ട് വെച്ചിരുന്നു. ഭീകര പ്രവർത്തനങ്ങൾക്കും ഹവാല ഇടപാടുകൾക്കും കള്ളപ്പണം ശക്തമാക്കുന്നതിനും ക്രിപ്റ്റോകറൻസി സഹായിക്കുമെന്നാണ് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനിർമാണത്തിലേക്കു കേന്ദ്ര സർക്കാർ നീങ്ങുന്നതെന്നാണു വിവരം.

Related posts

Leave a Comment