Business
യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമെന്ന് ഇന്ത്യ സ്‌കില്‍സ് 2024 റിപ്പോര്‍ട്ട്
കൊച്ചിക്കും തിരുവനന്തപുരത്തിനും നേട്ടം
തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട്. 18-21 പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്.
പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി. ഏറ്റവും കൂടുതല്‍ വനിതകള്‍ തൊഴില്‍ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴില്‍ക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തോടെ മികവ് തെളിയിച്ചു. കമ്പ്യൂട്ടര്‍ നൈപുണിയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിന്റെ നൈപുണ്യ പരിശീലനത്തിലെ മികവിനാണീ ദേശീയാംഗീകാരം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴില്‍ക്ഷമത ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷം ഇത് 50.3 ശതമാനമായിരുന്നു. ഈ പുരോഗതിയ്ക്ക് സംഭാവന ചെയ്തതിലും കേരളത്തിന് വലിയ പങ്കുണ്ട്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗ്ള്‍, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് വീബോക്‌സ് വിപുലമായി നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് എന്‍.സി.വി.ഇ.ടി ചെയര്‍മാന്‍ ദല്‍ഹിയില്‍ ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.
വിവിധ നൈപുണ്യ വിഭാഗങ്ങളില്‍ ഉയര്‍ന്ന പ്രതിഭകളുടെ ലഭ്യതയില്‍ കേരളം മുന്‍നിരയിലുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്കുള്ള പ്രധാന കേന്ദ്രമെന്ന കേരളത്തിന്റെ നില കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.
സാങ്കേതിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന വിധത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കംപ്യൂട്ടര്‍ നൈപുണ്യത്തില്‍ ഉയര്‍ന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. പ്രായോഗിക പഠനത്തോട് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനമായും കേരളത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഫ്യുച്ചറിസ്റ്റിക് സ്‌കില്‍സിലും പൊതുവിജ്ഞാനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളം, വിദ്യാഭ്യാസത്തോടുള്ള സന്തുലിതസമീപനം കാണിക്കുന്നതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അറിവ് പകര്‍ന്നുനല്‍കുക മാത്രമല്ല, ഭാവിയിലെ തൊഴില്‍ വിപണിയില്‍ നിര്‍ണ്ണായകമായ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ പാഠ്യപദ്ധതിയ്ക്ക് കേരളത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് പാര്‍ട്ണറായ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയ്ക്കുള്ള പ്രത്യേക അഭിനന്ദനമാണിത്.
ഐടി, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍നൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നീ നൈപുണ്യങ്ങളില്‍ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങള്‍ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. വിവിധ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ വിധത്തില്‍ വേഗത്തില്‍ ഇണങ്ങുന്ന തൊഴില്‍നൈപുണ്യമുള്ളവരാണിവരെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സര്‍ക്കാര്‍ തലത്തില്‍ മികച്ച പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള സംസ്ഥാനത്ത് യുവജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും തൊഴില്‍ക്ഷമതയും നൈപുണ്യവും വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും സ്‌കില്‍ ഇന്ത്യ റിപ്പോര്‍ട്ട് 2024 പറയുന്നു. ജോലിക്കൊപ്പം തന്നെ തൊഴില്‍ പരിശീനം നല്‍കുന്ന കോഴ്സുകളും ഇന്റേണ്‍ഷിപ്പുകളും അസാപിന്റെ സവിശേഷതയാണ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവും നല്‍കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഹയര്‍ സെക്കണ്ടറി തലത്തില്‍ 2.5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് നൈപുണ്യ പരിശീലനം നല്‍കിയതും റിപ്പോര്‍ട്ട് എടുത്തു പറയുന്നു. സംസ്ഥാനത്തുടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളും അവിടങ്ങളിലെ സെന്റേഴ്‌സ് ഓഫ് എക്സലന്‍സും നൂതന സാങ്കേതിക വിദ്യകളില്‍ പരിശീലനം ലഭ്യമാക്കുന്നതില്‍ രാജ്യത്തു തന്നെ മികച്ച മാതൃകകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിന്റെ ഉയരുന്ന ഉന്നതവിദ്യാഭ്യാസത്തിനും, വളരുന്ന തൊഴില്‍ശക്തിയ്ക്കും നേടിയെടുത്ത തിളക്കമാര്‍ന്ന മാതൃകയ്ക്കാണ് ഈ ദേശീയ അംഗീകാരം.
Business
സ്വര്‍ണവില മുന്നോട്ട്; പവന് 56960 രൂപ
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7120 രൂപയും പവന് 80 രൂപ വര്‍ദ്ധിച്ച് 56960 രുപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ 560 രൂപയാണ് പവന്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില കൂടാതെ പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ദ്ധനക്ക് കാരണം. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വര്‍ദ്ധനവുണ്ട്. ഗ്രാമിന് 5 രൂപ കൂടി 5885 എന്ന നിരക്കിലെത്തി. അതെസമയം മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വില ഇന്ന് രണ്ട് രൂപ കൂടി 100 രൂപയായി.
Business
സ്വർണവില ഉയരങ്ങളിലേക്ക്; പവന് 5,6880 രൂപ
സ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ കൂടി 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. തുടർച്ചയായി മൂന്ന് ദിവസം കുറഞ്ഞു നിന്ന സ്വര്‍ണവില ഇന്നലെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പവന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 5 രൂപ കൂടി 5880 എന്ന നിരക്കിലെത്തി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. വില 98 രൂപയിൽ തുടരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ രണ്ടു ദിവസത്തിനിടെ സ്വർണ വില പവന് 480 രൂപയാണ് വർധിച്ചത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.
Business
കോട്ടയത്തെ ലുലുമാളിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും
കോട്ടയം: രണ്ടു നിലയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. ആകെ 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ഉള്ളത്. താഴത്തെ നില പൂര്‍ണമായും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനായി മാറ്റിവയക്കും. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ ഉള്‍പ്പെടെ 22 രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉണ്ടാകും. 500ലേറെ പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം കുട്ടികള്‍ക്കായി ഫണ്‍ടൂണ്‍ എന്ന പേരില്‍ വിനോദത്തിനായി പ്രത്യേക സൗകര്യവും ഉണ്ടാകും.
പാര്‍ക്കിംഗിനായി വിശാലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരേസമയം 1,000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. നിരവധി തൊഴിലവസരങ്ങളും മാള്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടും. നേരിട്ട് 650 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ലുലുഗ്രൂപ്പ് പറയുന്നത്. കോട്ടയം ജില്ലക്കാര്‍ക്കാകും ആദ്യ പരിഗണന.
കേരളത്തില്‍ ലുലുവിന്റെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് വരുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലുമാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ലുലുമാള്‍ ഉയരും.
ഡിസംബര്‍ പകുതിയോടെ കോട്ടയം മാളിന്റെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനമാണ് ലുലുഗ്രൂപ്പ് നവംബറിലേക്ക് മാറ്റിയത്. എം.സി റോഡില്‍ മണിപ്പുഴയിലാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയില്‍ പുതിയ മാള്‍ വരുന്നത്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login