ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഷിക്കാഗോയില്‍ പ്രഢോജ്ജ്വല തുടക്കം

ഷിക്കാഗോ: നിഷ്പക്ഷവും സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനമുള്ളിടത്തു മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. റിനൈസന്‍സ് ഷിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനവുംദ്വൈവാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ രംഗത്തുണ്ടാകുന്ന ഏത് അനഭിലഷണീയതും ജനാധിപത്യത്തിന്റെ ശക്തി കുറക്കും. മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ അടുത്തൂണ്‍. എങ്കിലും മാധ്യമങ്ങള്‍ അതികഠിനമായ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. മത്സരത്തിലൂടെ അതിജീവിക്കുന്നവര്‍ മാത്രമേ നിലനില്‍ക്കുകയുള്ളുവെന്ന ആഗോള പ്രത്യയശാസ്ത്രമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മാധ്യമ രംഗത്തും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് ലോകത്തുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വിലയിരുത്തണമെന്നും കുടുംബങ്ങളും ബന്ധങ്ങളും എന്നതിനപ്പുറം മാനവികത കൂടി വിലയിരുത്തണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു.
വിവരങ്ങള്‍ ശരിയായും സമയോചിതമായും ലഭ്യമാകുകയെന്ന പൗരാവകാശം പരിരക്ഷിക്കപ്പെടാന്‍ മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നും ജനാധിപത്യത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും പറഞ്ഞ എന്‍ കെ പ്രേമചന്ദ്രന്‍ വെല്ലുവിളികളെ അവസരങ്ങളാക്കുന്നവരാണ് ജീവിതത്തില്‍ വിജയിക്കുകയെന്നും വിശദീകരിച്ചു.
ഇന്ത്യാ പ്രസ്‌ക്ലബ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു.
എം എല്‍ എമാരായ മാണി സി കാപ്പന്‍, റോജി എം ജോണ്‍, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത്ചന്ദ്രന്‍ എസ്, ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി, മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ ഡി പ്രേമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മനോരമ ന്യൂസ് ചീഫ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രോഗ്രാംസ് ആന്റ് പ്രൊഡക്ഷന്‍ ഹെഡ് പ്രതാപ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
റോജി എം ജോണ്‍ എം എല്‍ എയ്ക്ക് നല്കി എന്‍ കെ പ്രേമചന്ദ്രന്‍ സോവനീര്‍ പ്രകാശനം നിര്‍വഹിച്ചു. സോവനീറിന്റെ ഡിജിറ്റല്‍ എഡിഷന്‍ മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തില്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിബു കുളങ്ങര, ഷിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജി എടാട്ട്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ കവലക്കല്‍, ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, മധു കൊട്ടാരക്കര, ബിജു സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിഭാഗീയ വിഭജന കാലത്തെ മാധ്യമ പ്രവര്‍ത്തനം ചര്‍ച്ചയില്‍ ജോണി ലൂക്കോസ് വിഷയം അവതരിപ്പിച്ചു. സ്വകാര്യ ഉടമസ്ഥാവകാശമാണെങ്കിലും പൊതുസ്ഥാപനമെന്ന നിലയിലാണ് മാധ്യമങ്ങളെ കാണേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അവശ്യത്തിലധികം പ്രാധാന്യം കൊടുത്താല്‍ അത് നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരത് ചന്ദ്രന്‍ എസ്, പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമന്‍, പ്രതാപ് നായര്‍, കെ എന്‍ ആര്‍ നമ്പൂതിരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോര്‍ജ് ജോസഫ് മോഡറേറ്ററായിരുന്നു.

Related posts

Leave a Comment