ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും കൈകോർക്കുന്നു

കൊച്ചി:  ഉപഭോക്താക്കൾക്ക് ടേം, ആന്വിറ്റി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി (ഐപിപിബി) കൈകോർക്കുന്നു. ബാങ്കിന്റെ 650 ശാഖകളുടേയും 136,000-ലധികം ബാങ്കിംഗ് ആക്സസ് പോയിന്റുകളുടേയും വിപുലമായ ശൃംഖലയിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കൾക്ക് മൂല്യവർധിത ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുക എന്ന ഐപിപിബിയുടെ ലക്ഷ്യത്തിന് അനുസൃതമാണിത്. ദുർബല വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ബാങ്കിംഗ് സേവനം ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സാമ്പത്തികമായി സുരക്ഷിതരും ശാക്തീകരിക്കപ്പെട്ടവരുമാകാൻ ഇത് അവസരം നൽകും.

ബജാജ് അലയൻസ് ലൈഫ് സ്മാർട്ട് പ്രൊട്ടക്റ്റ് ഗോൾ, ബജാജ് അലയൻസ് ലൈഫ് ഗ്യാരന്റീഡ് പെൻഷൻ ഗോൾ എന്നിവയാണ് ഈ സഖ്യത്തിന്റെ ഭാഗമായി ഓഫർ ചെയ്യുന്ന ടേം, ആന്വിറ്റി ഉൽപ്പന്നങ്ങൾ. ബജാജ് അലയൻസ് ലൈഫ് സ്മാർട്ട് പ്രൊട്ടക്റ്റ് ഗോൾ സമഗ്രവും മൂല്യവർധിതവുമായ ടേം ഇൻഷുറൻസാണ്. കുടുംബത്തിൽ വരുമാനമുള്ളയാളുടെ അകാല മരണം സംഭവിച്ചാൽ ആ കുടുംബത്തിന് ഉടനടി സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയാണിത്.  ബജാജ് അലയൻസ് ലൈഫ് ഗ്യാരന്റീഡ് പെൻഷൻ ഗോൾ ഒരു ആന്വിറ്റി പ്ലാനാണ്. റിട്ടയർമെന്റിനു ശേഷമുള്ള ചെലവുകൾ നിറവേറ്റാൻ ലക്ഷ്യമിടുന്ന ഈ പ്ലാൻ ആ വ്യക്തി ജീവിച്ചിരിക്കുന്നതുവരെ ഉറപ്പുള്ളതും സ്ഥിരവുമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള തപാൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്കു പുറമെ ഈ രണ്ട് ഉൽപ്പന്നങ്ങൾ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഇൻഷുറൻസിലേക്കും മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനമില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കും. ഉപഭോക്താക്കൾക്ക് തുടർന്നും തപാൽ വകുപ്പിന്റെ സേവിംഗ്‌സ് ഉൽപ്പന്നങ്ങൾ നേടാനും അവരുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ ടേം, ആന്വിറ്റി ഇൻഷുറൻസ് ഉൽപ്പന്നങ്ങളിൽ നിന്ന് ഒരേസമയം പ്രയോജനം നേടാനും കഴിയും-തപാൽ വകുപ്പ് സെക്രട്ടറി ശ്രീ വിനീത് പാണ്ഡെ പറഞ്ഞു.

Related posts

Leave a Comment