വനിതാഹോക്കിയില്‍ പൊരുതിത്തോറ്റു, ഇന്ത്യ-ബ്രിട്ടന്‍ 3-4

ടോക്കിയോഃ ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ പെണ്‍കുട്ടികള്‍ പൊരുതിത്തോറ്റു. ലൂസേഴ്സ് ഫൈനലില്‍ കരുത്തരായ ഗ്രേറ്റ് ബ്രിട്ടനോടാണ് മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു ഇന്ത്യ പൊരുതിവീണത്. നിലവിലെ ഒളിംപിക് ചാംപ്യനാണ് ബ്രിട്ടന്‍. ആദ്യ ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലാവുകയും രണ്ടാം ക്വാര്‍ട്ടറില്‍ ഒപ്പമെത്തുകയും മൂന്നാം ക്വാര്‍ട്ടറില്‍ ഒരു ഗോളിനു ലീഡ് നേടുകയും ചെയ്ത ശേഷമാണ് നാലാമത്തെ ക്വാര്‍ട്ടറില്‍ ബ്രിട്ടനോടു പരാജയം സമ്മതിച്ചത്. ഇന്നലെ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്നു. ഒളിംപിക്സില്‍ താരതമ്യേന നാവാഗതരായ ഇന്ത്യന്‍ വനിതകളുടെ മൂന്നാമത്തെ ഒളിംപിക്സാണിത്. പുരുഷ ഹോക്കിയില്‍ ഇന്ത്യ എട്ടു തവണ സ്വര്‍ണം ചൂടിയിട്ടുണ്ട്. എന്നാല്‍ വനിതകള്‍ ക്വാര്‍ട്ടറിലെത്തുന്നതു പോലും ഇതാദ്യമായിരുന്നു.

ഒളിംപിക് റാങ്കിങ്ങില്‍ പത്താംസ്ഥാനത്തായിരുന്നു ഇന്ത്യ. അവിടെനിന്നാണ് ഇപ്പോള്‍ ലൂസേഴ്സ് ഫൈനല്‍ കടന്ന് നാലാം റാങ്കിലെത്തിയത്.

പഞ്ചാബ് താരം ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ സുവര്‍ണ താരം. ബ്രിട്ടനെതിരേ രണ്ടു ഗോളുകളും നേടിയത് കൗര്‍. ആദ്യ ക്വാര്‍ട്ടറില്‍ രണ്ടു ഗോളിനു പിന്നിലായിരുന്ന ഇന്ത്യയെ ഗുര്‍ജിത്ത് കൗറിന്‍റെ മികവാര്‍ന്ന ഷോട്ടായിരുന്നു ബ്രിട്ടന് ഒപ്പത്തിനൊപ്പമെത്തിച്ചത്. മണിപ്പൂര്കാരി വന്ദന ഖട്ടാരിയയിലൂടെ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡ് നേടി.

ചാംപ്യന്‍ഷിപ്പില്‍ തുടക്കത്തില്‍ തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് ഭാഗ്യത്തിന്‍റെ പിന്‍ബലത്തില്‍ കടന്നുകയറിയത്. മുന്‍ ചാംപ്യന്‍ ഓസ്ട്രേലിയയെ വരെ പരാജയപ്പെടുത്തി ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു. പിന്നീടിങ്ങോട്ട് അവിശ്വസനീയമായ കരുത്തു കാട്ടിയ ഇന്ത്യ മുഴുവന്‍ മത്സരങ്ങളും ജയിച്ചു കയറി. പുരുഷ ഹോക്കിയുടെ വിജയശില്പി മലയാളി താരം പി.ആര്‍. ശ്രീജേഷിന്‍റെ അതേ പാതയിലാണ് വനിതാ ടീമിന്‍റെ ഗോളി സവിതയും സ്വീകരിച്ചത്. അര ഡസണോളം സേവുകളാണ് സവിത നടത്തിയത്. അല്ലായിരുന്നെങ്കില്‍ ടീം ഇന്ത്യയുടെ ആഘാതം കുറച്ചുകൂടി കനക്കുമായിരുന്നു.

Related posts

Leave a Comment