ദമ്മാം: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ പത്നിയുടെയും സഹപ്രവർത്തകരുടെയും അതിദാരുണമായ വിയോഗത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി നടുക്കവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. പരിണിത പ്രജ്ഞനായ ഐതിഹാസിക യുദ്ധ തന്ത്രഞ്ജനെയാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
സൈനിക രംഗത്ത് ഏറ്റെടുത്ത ചുമതലകളൊക്കെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ഇന്ത്യയുടെ സൈന്യത്തിന് കനത്ത നഷ്ടമാണ്. നാളിതുവരെ ഇന്ത്യയുടെ സൈനിക രംഗത്ത് അദ്ദേഹം നൽകിയ ശ്രേഷ്ടമായ സേവനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു സംയുക്ത സൈന്യാധിപ പദവിയെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒഐസിസി നേതാക്കളായ അഹമ്മദ് പുളിക്കൽ, സി അബ്ദുൽ ഹമീദ്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ കെ സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവരും ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.