ഇന്ത്യ- ചൈന സംഘർഷം: 14ാം വട്ട ചർച്ചയിലും പരിഹാരമായില്ല

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിങ് അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം തേടി ഇന്ത്യയും ചൈനയും സൈനികതലത്തിൽ നടത്തിയ 14ാം വട്ട ചർച്ചയിലും പരിഹാരമായില്ല. ഒത്തുതീർപ്പുണ്ടായില്ലെങ്കിലും ചർച്ചകൾ അനുകൂല ദിശയിലാണെന്ന് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഉടൻ തന്നെ വീണ്ടും ചർച്ച നടത്താമെന്ന തീരുമാനത്തിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. ഇരുപക്ഷവും ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി പരസ്പരം സഹകരിക്കുമെന്നും നേരത്തെയുള്ള ചർച്ചകളിലെ തീരുമാനങ്ങൾ പിന്തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബറിലെ അവസാന റൗണ്ട് ചർച്ചയിൽ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി സ്വതന്ത്ര പ്രസ്താവനകൾ പുറപ്പെടുവിക്കുകയാണ് ചെയ്തതെങ്കിൽ ഇത്തവണ അതുണ്ടായിട്ടില്ല. ഇരുപക്ഷത്തെയും പ്രതിരോധ, വിദേശകാര്യ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതായും പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) തർക്കം പരിഹരിക്കുന്നതിന് വ്യക്തവും ആഴത്തിലുള്ളതുമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തതായും സംയുക്ത പ്രസ്താവനയിൽ ഇരുകൂട്ടരും വ്യക്തമാക്കി. ചൈനീസ് പ്രദേശമായ ചുഷൂൽ മോൾഡോ അതിർത്തിയിൽ ബുധനാഴ്ചയാണ് ചർച്ച നടന്നത്. ലഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.

Related posts

Leave a Comment