ലെവ്‌ലീന മെഡല്‍ ഉറപ്പിച്ചു സിന്ധു ഉച്ചയ്ക്കിറങ്ങും

ടോക്കിയോഃ ഒളിംപിക്സില്‍ ഇന്ന് ഇന്ത്യക്കു തിളക്കമുള്ള ദിവസം. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ പ്രവേശിച്ചതോടെ ഒരു മെഡല്‍ കൂടി ത്രിവര്‍ണത്തിനു സ്വന്തം. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ തോറ്റാലും വെങ്കലം ഉറപ്പ്. ഇന്ത്യയുടെ സ്വര്ണ പ്രതീക്ഷയാണ് ലെവ്‌ലീന.

നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത്. ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ മറ്റൊരു മെഡൽ കൂടി ഉറപ്പിച്ചു.

ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കുകയായിരുന്നു.

ഇന്ത്യയുടെ മറ്റൊരു സുവര്‍ണ താരം വനിതകളുടെ ബാഡ്മിന്‍റണില്‍ പി.വി. സിന്ധുവിന്‍റെ ക്വാര്‍ട്ടറും ഇന്നാണ്. അതില്‍ വിജയിച്ചാല്‍ സിന്ധുവും മെഡല്‍ ഉറപ്പാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സിന്ധുവിന്‍റെ പോരാട്ടം. ബോക്സിംഗില്‍ ഇന്ത്യയുടെ സതീശ് കുമാറും ക്വാര്‍ട്ടറിലെത്തി. ഞായറാഴ്ചയാണു ക്വാര്‍ട്ടര്‍.

Related posts

Leave a Comment