ഇന്ദിരാ സ്മരണയിൽ രാജ്യം ; ഇന്ന് ഇന്ദിരാഗാന്ധിയുടെ ജന്മദിനം

ലോകം കണ്ട ഏറ്റവും ധീരയായ വനിതയെന്ന വിശേഷണത്തിനുപോലും അര്‍ഹയായ ഇന്ദിരാ പ്രിയദര്‍ശിനിയുടെ 104 മത് ജന്മദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലവും, പുണ്യഭൂമിയായ ത്രിവേണി സംഗമത്തിന്റെ പേരില്‍ പ്രശസ്തവുമായ അലഹബാദില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും, കമലാ നെഹ്‌റുവിന്റെയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിരാ പ്രിയദര്‍ശിനി ജനിക്കുന്നത്. ഒരു ഭരണാധികാരി എന്ന നിലയില്‍ ഇന്ദിരാഗാന്ധി കൈവരിച്ച ബഹുമുഖ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് എന്നത് ഈ ജന്മദിനത്തെ കൂടുതല്‍ മധുരമുള്ളതാക്കുന്നു. ഇന്ദിരാ യുഗം അവസാനിച്ചതിന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്നും ഈ രാജ്യത്തിന് ഓര്‍ത്തെടുക്കുവാനും അഭിമാനിക്കുവാനും ഇന്ദിരാ ഗാന്ധിയെപ്പോലുള്ള ഏതാനും ഭരണാധികാരികളുടെ കയ്യൊപ്പുകള്‍ മാത്രമേ ഉള്ളു എന്നത് അവരുടെ ജീവിതരേഖകളെ കൂടുതല്‍ മഹത്വമുള്ളതാക്കുകയാണ്. താരതമ്യങ്ങള്‍ക്കുപോലും ഇടനല്‍കാനാവാത്തവിധം പ്രശോഭിതമാണ് ഈ ജീവിതരേഖകള്‍.
ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഗാന്ധിയുടെ കടന്നുവരവോടെ ആരംഭിക്കുന്ന അതിതീവ്രവും, സംഭവബഹുലവുമായ സ്വാതന്ത്ര്യസമരത്തിലെ പുതിയ അധ്യായവുമായി ചേര്‍ന്നു കിടക്കുന്നതാണ് ഇന്ദിരാഗാന്ധിയുടെ ബാല്യകാലം. 1919-20 കാലത്ത് ഗാന്ധി നിസ്സഹകരണ സമരത്തിന് തുടക്കമിടുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മോത്തിലാല്‍ നെഹ്‌റു ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യമെങ്ങും ആളിപ്പടര്‍ന്ന നിസ്സഹകരണ സമരത്തിന്റെ സുപ്രധാന ഭാഗമായിരുന്ന വിദേശ വസ്ത്രങ്ങളും, വിദേശ നിര്‍മ്മിത വസ്തുക്കളും പരസ്യമായി ചുട്ടുചാമ്പലാക്കുന്ന ബഹിഷ്‌കരണ സമരം. സമരത്തില്‍ പങ്കെടുത്തുകൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ നിര്‍മ്മിതമായ പാവക്കുട്ടിയുമായി ആളിക്കത്തുന്ന തീക്കൂനക്ക് അരികിലേക്ക് നീങ്ങുന്ന ഒരു മൂന്ന് വയസുകാരിയുടെ ചിത്രം ഇന്ദിരയുടെ ബാല്യകാല സ്മരണകളില്‍ കാണാം. ഇന്ദുവെന്നും, തിരിച്ച് ബാപ്പുവെന്നും വിളിച്ചിരുന്ന ആത്മബന്ധമായിരുന്നു ഇന്ദിരയും, ഗാന്ധിയും തമ്മിലുണ്ടായിരുന്നത്. ഈ ആത്മബന്ധത്തിലൂടെ പകര്‍ന്നുകിട്ടിയ സമരവീര്യവും, ജയിലില്‍ നിന്നും മുടങ്ങാതെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈപ്പടയില്‍ തേടിയെത്തിയ ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളിലൂടെ’ ജ്വലിപ്പിച്ച ദേശസ്‌നേഹവും ഇന്ദിരയുടെ ബാല്യകാലത്തെ രൂപീകരിച്ചു എന്നു കരുതാം. സ്വാതന്ത്ര്യസമര പോരാളികളെ സഹായിക്കാനും, ശുശ്രൂഷിക്കാനും ‘ബാലചര്‍ക്ക സംഘം’ എന്ന പേരില്‍ സമപ്രായക്കാരായ കുട്ടികളെ സംഘടിപ്പിച്ച് ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. 1938 ല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് ഇന്ദിര കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരുന്നത്. അമ്മ കമലാ നെഹ്‌റുവിന്റെ അകാല വിയോഗത്തോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിലും, സ്വാതന്ത്ര്യ സമരത്തിലും കൂടുതല്‍ സജീവമായ ഇന്ദിര 1942 ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തു.

സ്വാതന്ത്ര്യാനന്തരം പടിപടിയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന ഇന്ദിരാ ഗാന്ധി 1955 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ച ശ്രീമതി ഗാന്ധി 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1964 ല്‍ രാജ്യസഭാംഗമായതോടുകൂടി പാര്‍ലമെന്ററി രംഗത്തേക്ക് കടന്നുവന്നു. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്വാഭാവിക പരിഗണന ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പിന്നില്‍ നില്ക്കാനായിരുന്നു ഇന്ദിരയുടെ തീരുമാനം. ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലയായിരുന്നു ഇന്ദിരാഗാന്ധിക്ക്. 1966 ജനുവരിയില്‍ റഷ്യയിലെ താഷ്‌കെന്റില്‍വെച്ച് ശാസ്ത്രി നിര്യാതനായതോടുകൂടിയാണ് ഇന്ദിര പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 169 നെതിരെ 355 വോട്ട് നേടി മുതിര്‍ന്ന നേതാവ് മൊറാര്‍ജി ദേശായിയെ പരാജയപ്പെടുത്തി കാമരാജ്, അതുല്യ ഘോഷ്, എസ്.കെ. പാട്ടീല്‍, നിജലിംഗപ്പ തുടങ്ങി പ്രബലരുടെ പിന്തുണയോടെയാണ് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും, പ്രധാനമന്ത്രിയും ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 1966 ജനുവരി 24ന് ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഭരണത്തിലേറി ആദ്യദിനങ്ങളില്‍ തന്നെ ശക്തയായ ഒരു ഭരണാധികാരിയുടെ ആര്‍ജ്ജവവും ധീരതയും ശ്രീമതി ഗാന്ധി പ്രകടിപ്പിച്ചു. പ്രത്യേക സംസ്ഥാനം എന്ന പഞ്ചാബിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. കൂടുതല്‍ സ്വയംഭരണം ഉറപ്പു നല്കിക്കൊണ്ട് നാഗാ, മിസോ കലാപകാരികളുമായി ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ഹരിതവിപ്ലവം കൂടുതല്‍ ശക്തമായി നടപ്പിലാക്കി തുടങ്ങി. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി കയറ്റുമതി വര്‍ദ്ധിപ്പിക്കാനും, വിദേശമൂലധനം ആകര്‍ഷിക്കുന്നതിനും വേണ്ടി ഡോളറിനുമേല്‍ ഇന്ത്യന്‍ രൂപക്ക് 35.5% മൂല്യശോഷണം വരുത്തി. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു വിദേശനയത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു 1966 ജൂലൈ മാസത്തില്‍ വിയറ്റ്‌നാമിലെ അമേരിക്കന്‍ അധിനിവേശത്തെ ഇന്ദിരാഗാന്ധി ശക്തമായി വിമര്‍ശിച്ചു. ഈജിപ്തിലെ കേണല്‍ നാസ്സറുമായും, യൂഗോസ്ലാവിയായിലെ മാര്‍ഷല്‍ ടിറ്റോയുമായും ബന്ധപ്പെട്ട് ചേരിചേരാ പ്രസ്ഥാനത്തെ കൂടുതല്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും സജീവമായി.

1967 ലെ നാലാം പൊതുതെരഞ്ഞെടുപ്പിനുശേഷം ഇന്ദിരാഗാന്ധി സ്വീകരിക്കാന്‍ ആരംഭിച്ച ഇടതുപക്ഷാഭിമുഖ്യമുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ ശക്തയായ ഒരു ഭരണാധികാരി എന്ന പ്രതിച്ഛായ ഇന്ദിരാ ഗാന്ധിക്ക് നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും, ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുന്നതിനും വേണ്ടിയുള്ള ധീരമായ നടപടികള്‍ ശ്രീമതി ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായി . ബാങ്കുകളുടെയും, ജനറന്‍ ഇന്‍ഷുറന്‍സിന്റെയും ദേശസാല്ക്കരണം വ്യവസായ കുത്തകകളുടെ നിയന്ത്രണം, ഭക്ഷ്യവസ്തുക്കളുടെ പൊതുവിതരണം, ഭൂപരിഷ്‌ക്കരണ നടപടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പത്തിന കര്‍മ്മപദ്ധതി ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാനും, പിന്നീട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാനും വേണ്ടിയുള്ള നയരേഖയായിരുന്നു. 1969 ജൂലൈ 21ന് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയിലൂടെ 14 ബാങ്കുകളെ ദേശസാല്ക്കരിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുറത്തിറങ്ങി. 2008 ല്‍ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ആടി ഉലഞ്ഞപ്പോഴും ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത് 1969 ലെ ബാങ്ക് ദേശസാല്ക്കരണം ആണ് എന്ന് ലോക സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടതാണ്.
1971 ല്‍ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ രണ്ടാവട്ടം അധികാരത്തിലെത്തിയപ്പോള്‍ ദേശസാല്‍ക്കരണ നയം വ്യാവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു. ഇരുമ്പ്, കല്‍ക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ദേശസാല്‍ക്കരിക്കുകയുണ്ടായി. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം ഇന്ദിരാ ഗാന്ധിയുടെ പ്രശസ്തി ലോകമെമ്പാടും എത്തിച്ചു . 1971 ല്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ദിരയുടെ നീക്കങ്ങള്‍ ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്പ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി, ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര ‘ദുര്‍ഗ’യാവുന്നത്. ”ഒരാള്‍ക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മര്‍ദത്തിലാക്കാനാവില്ല” എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ടൈം വാരികയോട് പറഞ്ഞത്. ഇന്ദിരയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതില്‍ ഈ യുദ്ധവിജയം സഹായിച്ചു . ഈ യുദ്ധ വിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്‌പേയി ഇന്ദിരയെ ദുര്‍ഗ്ഗാദേവിയോടാണ് ഉപമിച്ചത്. ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അന്‍പതാം വാര്‍ഷികത്തിലൂടെയാണ് ഇന്ദിരയുടെ ഈ ജന്മദിനത്തില്‍ രാജ്യം കടന്നുപോകുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. 1974 ല്‍ പൊക്രാന്‍ മരുഭൂമിയില്‍ ആണവപരീക്ഷണം നടത്തി ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്നതില്‍ ഇന്ദിരാ ഗാന്ധി വിജയിച്ചു.

1971 ലെ യുദ്ധത്തിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും, 1974 ലെ ആണവപരീക്ഷണത്തെ തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ ഉണ്ടായ ഉപരോധവും ഇന്ത്യയില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായി. ഈ പ്രതിസന്ധി മുതലെടുത്തുകൊണ്ട് പ്രതിപക്ഷം രാജ്യമെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിച്ചപ്പോള്‍ ഭരണഘടന അനുശാസിക്കുന്ന അടിയന്തിരാവസ്ഥയിലൂടെയാണ് ഇന്ദിരാ ഗാന്ധി പ്രശനങ്ങളെ നേരിട്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയും സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ ഉല്പാദനക്ഷമതയും അടിയന്തരാവസ്ഥക്കാലത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചു. 1971 ലെ യുദ്ധത്തിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുകയും സമ്പദ്വ്യവസ്ഥ വന്‍പിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. എങ്കിലും 1977 ല്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടേണ്ടിവന്ന ഇന്ദിരാ ഗാന്ധി 1980 ല്‍ വീണ്ടും ശക്തയായി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവന്നു. പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രക്ഷോഭവും അതിന്റെ അടിച്ചമര്‍ത്തലുകളും അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഇന്ദിരയുടെ ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. പഞ്ചാബിലെ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തോട് സുവര്‍ണക്ഷേത്രത്തിനുള്ളില്‍ കടന്ന് കലാപകാരികളെ അമര്‍ച്ചചെയ്യാന്‍ ഇന്ദിരാ ഗാന്ധി ഉത്തരവിട്ടു. പക്ഷേ ഇതിന് ശ്രീമതി ഗാന്ധിക്ക് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവന്‍ തന്നെ ആയിരുന്നു .

തന്റെ രക്തസാക്ഷിത്വം പോലും ഇന്ദിരാ ഗാന്ധി മുന്‍കൂട്ടി കണ്ടിരുന്നു. ‘ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണ്. നാളെ ഞാന്‍ ഉയിരോടെയുണ്ടാകുമോ എന്നുറപ്പില്ല. ഇത്രയും കാലം നിങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ കഴിഞ്ഞതിലും, അതിന്റെ സിംഹഭാഗവും നിങ്ങളുടെ സേവനത്തിനായി നീക്കിവക്കാന്‍ കഴിഞ്ഞതിലും ഞാന്‍ കൃതാര്‍ത്ഥയാണ്. ഇനിയങ്ങോട്ടും ഞാന്‍ നിങ്ങളെ സേവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഞാന്‍ മരിച്ചുവീഴുമ്പോഴും, എന്റെ ഓരോ തുള്ളിച്ചോരയും ഈ നാടിനെ ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടും.’ 1984 ഒക്ടോബര്‍ 30 -ന് ഉച്ചയോടെ ഒഡിഷയിലെ ഭുബനേശ്വര്‍ നഗരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാന്‍ വേദിയിലേക്ക് നീങ്ങിയപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കയ്യില്‍ മാധ്യമ ഉപദേഷ്ടാവ് എച്ച് വൈ ശാരദാപ്രസാദ് എഴുതി നല്‍കിയ പതിവ് പ്രസംഗം ഉണ്ടായിരുന്നു. പക്ഷേ അതിലേ വാചകങ്ങളിലേക്ക് നോക്കുകപോലും ചെയ്യാതെ ഒരു പ്രവാചക സ്വരത്തില്‍ ഇന്ദിരാ ഗാന്ധിയുടെ തന്റെ അന്തരാത്മാവില്‍നിന്നും ഉയര്‍ന്ന മേല്‍പറഞ്ഞ വാക്കുകള്‍ ശാന്തമായി പങ്കുവെക്കുകയായിരുന്നു . പ്രസംഗത്തിന് ശേഷം കാറില്‍ രാജ്ഭവനിലേക്ക് മടങ്ങവേ, ഒഡീഷാ ഗവര്‍ണര്‍ ബിശ്വംബര്‍നാഥ് പാണ്ഡെ ഇന്ദിരാ ഗാന്ധിയോട് പറഞ്ഞു ‘മാഡം മരണത്തെപ്പറ്റി പറഞ്ഞത് എന്നെ ആകെ ഞെട്ടിച്ചുകളഞ്ഞു..’ ഒരു ചെറുപുഞ്ചിരിയോടെ ശാന്തമായി ഇന്ദിര പ്രതികരിച്ചു. ‘ഞാന്‍ പറഞ്ഞത് ഏറ്റവും ആത്മാര്‍ത്ഥമായിട്ടാണ്, എന്റെ ഹൃദയത്തില്‍നിന്നുമുള്ള വാക്കുകള്‍ ആയിരുന്നു അത്.’ ഈ വാക്കുകള്‍ ഉച്ചരിച്ച് നേരത്തോടു നേരം കഴിയും മുമ്പ് ഇന്ദിരാഗാന്ധിയുടെ ചോര ഭാരതത്തിന്റെ മണ്ണില്‍ ചിതറിത്തെറിച്ചു.

കാലത്തിനു മുന്‍പേ നടന്നുനീങ്ങിയ ആ ധീരവനിതയുടെ ഓരോ ഓര്‍മ്മകളും ഇന്നും കോടിക്കണക്കിന് ഭാരതീയരെ ആവേശം കൊള്ളിക്കുന്നുവെങ്കില്‍, ഇന്ദിര ആരായിരുന്നു എന്തായിരുന്നു എന്ന് പുതിയ തലമുറക്ക് വായിച്ചെടുക്കുവാന്‍ അതുമാത്രം മതി. ചെറുതും വലുതുമായി ഒട്ടേറെ ബഹുമതികളാണു ശീമതി ഗാന്ധിക്കു ലഭിച്ചിട്ടുള്ളത്. 1972 ല്‍ ഭാരത രത്‌ന, 1972 ല്‍ മെക്‌സിക്കന്‍ അക്കാദമി അവാര്‍ഡ് ഫോര്‍ ലിബറേഷന്‍ ഓഫ് ബംഗ്ലാദേശ് , 1973 ല്‍ എഫ്.എ.ഒ യുടെ വാര്‍ഷിക പുരസ്‌കാരം, 1953 ല്‍ യു.എസ്.എ. മദേഴ്‌സ് അവാര്‍ഡ് , ഇറ്റലിയുടെ ഇസല്‍ബെല്ല ഡി’ എസ്റ്റെ അവാര്‍ഡ്, നയതന്ത്രമികവിനു യേല്‍ സര്‍വകലാശാലയുടെ ഹൗലാന്‍്ഡ് മെമ്മോറിയല്‍ പ്രൈസ് തുടങ്ങിയവ ഇന്ദിരാ ഗാന്ധിയെ തേടിയെത്തിയ ബഹുമതികളില്‍ ചിലത് മാത്രമാണ് . 1967 ലും 1968 ലും ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഒപ്പീനിയന്‍ നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ത്രീയെന്ന പദവി ശ്രീമതി ഗാന്ധിക്കായിരുന്നു. 1971 ല്‍ യു.എസ്.എയില്‍ നടത്തിയ പ്രത്യേക ഗാലപ് പോള്‍ സര്‍വേയില്‍ ലോകത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന പദവിക്ക് ഗാന്ധി അര്‍ഹയായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ബി ബി സി ലോകവ്യാപകമായി നടത്തിയ വോട്ടെടുപ്പില്‍ വുമണ്‍ ഓഫ് ദി മില്ലേനിയം ആയി തിരഞ്ഞെടുത്തത് ഇന്ദിരാ ഗാന്ധിയെയാണ്. മറ്റൊരു ലോകനേതാവിനും ലഭിക്കാത്ത ആദരവുകളാണ് ഇന്ദിരാഗാന്ധിയെ തേടിയെത്തിയത്. കാലത്തിനുപോലും മായിച്ചുകളയാനാവാത്ത ആ ധീരമായ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ശതകോടി പ്രണാമം.

Related posts

Leave a Comment