‘ഒളിമങ്ങാത്ത ഓർമ്മകളിൽ ഇന്ദിരാ പ്രിയദർശിനി’ ; രാജ്യം ഇന്ദിരാ സ്മരണയിൽ

നിസാർ മുഹമ്മദ്

പ്രായോഗിക രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയിൽ ജയത്തോടെ തുടങ്ങി ഇടയ്ക്ക് കാലിടറുകയും വീണ്ടും ശക്തമായി ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമാണിന്ന്. ഇന്ദിരയെ ഇന്ത്യയ്ക്ക് നഷ്ടമായിട്ട് 37 വർഷം പിന്നിട്ടെങ്കിലും ആ ധീര വനിതയുടെ സ്മരണകൾ ഇന്നും നിറം കെടാതെ നിൽക്കുന്നു. മരണഭയം വിടാതെ പിന്തുടർന്നപ്പോഴും മരിക്കാൻ ഭയമില്ലെന്ന് പറയാൻ ധൈര്യം കാട്ടിയ പെൺകരുത്ത്, അവസാനതുള്ളി ചോരയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയെന്ന് ഉറക്കെപ്പറഞ്ഞ രാജ്യസ്‌നേഹി, ജീവിതത്തിന്റെ നേർപാതിയും അധികാരകേന്ദ്രവുമായി അടുത്തബന്ധം പുലർത്തിയ അപൂർവ വനിത, മഹത്തായ ഒരു പരമ്പരയിലെ ഉജ്ജ്വലമായ വ്യക്തിത്വം, അസാമാന്യ ആസൂത്രണപാടവം, തികഞ്ഞ ദേശീയവാദി, ചേരിചേരാനയത്തിന്റെ പ്രയോക്താവ്, മതേതരത്വത്തിന്റെ കാവലാൾ, തികഞ്ഞ സോഷ്യലിസ്റ്റ്, അളക്കാനാവാത്ത മനക്കരുത്തും ഇഛാശക്തിയുമുള്ള ഭരണകർത്താവ്…. അങ്ങനെ വിശേഷണങ്ങൾ ഏറെ നിരത്താമെങ്കിലും അതിനെല്ലാം അപ്പുറമായിരുന്നു ഇന്ദിരാ പ്രിയദർശനി.

രണ്ട് ദശാബ്ദം മാത്രമാണ് അധികാരക്കസേരയിൽ അവർക്ക് നിയോഗമുണ്ടായിരുന്നത്. ഇഛാശക്തിയുണ്ടെങ്കിൽ ഭരണം എങ്ങനെ നിർവഹിക്കാമെന്ന് ഇന്ദിരയുടേതിന് സമാനമായി മറ്റാരുടെയും ഉദാഹരണവും ചൂണ്ടിക്കാണിക്കാനില്ല. അതുകൊണ്ടുതന്നെ ലോകത്തിന് മുന്നിൽ തലയെടുപ്പോടെ ഇന്ത്യ നിന്ന കാലമായിരുന്നു ഇന്ദിരായുഗമെന്ന് നിസംശയം പറയാം. പാകിസ്താനിൽ നടത്തിയ ഇടപെടലിൽ അമേരിക്കയെ പോലും വരച്ചവരയിൽ നിർത്താൻ പോന്ന ചങ്കുറപ്പ് അതിന് മുമ്പോ ശേഷമോ മറ്റൊരു പ്രധാനമന്ത്രിയിൽ നിന്നും രാജ്യം കണ്ടറിഞ്ഞില്ല. വാക്കുകളിൽ മാത്രമായി ഉറങ്ങിക്കിടന്ന ചേരിചേരാനയത്തിന് വിപുലമായ അർഥതലങ്ങൾ നിർവചിച്ച ഇന്ദിരയ്ക്ക് ചേരിചേരാ രാഷ്ട്രങ്ങളുടെ അധ്യക്ഷ പദവിയും പിന്നീട് അലങ്കരിക്കാനായി.

1971ൽ പാകിസ്താനെതിരെ ഐതിഹാസിക യുദ്ധം ജയിച്ച് ബംഗ്ലാദേശിന് മോചനം വാങ്ങിക്കൊടുത്തതിലൂടെയാണ് ലോകം ഇന്ദിര എന്ന ഭരണകർത്താവിനെ ശ്രദ്ധിച്ചു തുടങ്ങിയത്. കിഴക്കൻ പാകിസ്താനിൽ നടക്കുന്ന മനുഷ്യക്കുരുതി അംഗീകരിക്കാനാവില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. അമേരിക്കയുടെ വിരട്ടൽ ഏഴാം കപ്പൽപ്പടയെ ബംഗാൾ ഉൾക്കടലിൽ വരെ എത്തിച്ചു. ഇന്ത്യ-സോവിയറ്റ് കരാറിന്റെ ഭാഗമായി സോവിയറ്റ് യുദ്ധക്കപ്പലുകളും പിന്നാലെ. പാകിസ്താനിലായിരുന്നു യുദ്ധമെങ്കിലും ഇന്ത്യയും ഇന്ദിരയും പോരാടിയത് അമേരിക്കൻ മേധാവിത്വത്തോടായിരുന്നു. പാകിസ്താൻ തടവറയിൽ നിന്ന് മോചിതനായി ബംഗ്ലാദേശിലേക്ക് പോകുംവഴി മുജീബുർ റഹ്മാൻ ഇന്ത്യയിലെത്തി ഇന്ദിരയെക്കുറിച്ച് നടത്തിയ പ്രസ്താവന ആ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ‘മനുഷ്യരുടെ മാത്രം നേതാവല്ല ഇന്ദിര മനുഷ്യരാശിയുടെ മുഴുവൻ നേതാവാണെന്നായിരുന്നു’ മുജീബുർ റഹ്മാന്റെ പ്രഖ്യാപനം. സുൾഫിക്കർ അലി ഭൂട്ടോയുമായി കശ്മീർ പ്രശ്‌നപരിഹാരത്തിനായി ഒപ്പിട്ട ഷിംല ഉടമ്പടിയിലൂടെ ഇന്ദിരയെന്ന സമാധാനകാംക്ഷിയേയും ലോകം കണ്ടു.

1974-ൽ പൊഖ്‌റാനിൽ ആണവായുധം പരീക്ഷിച്ച് അവർ വീണ്ടും ലോകത്തെ ഞെട്ടിച്ചു. അംഗീകരിക്കാൻ മടിച്ച ലോക പോലീസുകാരിൽ നിന്ന് അവർ പ്രശംസയും അഭിനന്ദനവും പിടിച്ചുവാങ്ങി. എതിർപ്പുകൾ വകവയ്ക്കാതെ നടത്തിയ ബാങ്കിങ് ദേശസാത്കരണം എത്ര വിലപ്പെട്ട തീരുമാനമായിരുന്നെന്ന് വിമർശകർക്ക് അംഗീകരിക്കാൻ കാലം കഴിഞ്ഞ് ഒരു സാമ്പത്തിക മാന്ദ്യം വേണ്ടിവന്നു. ടാറ്റയും ബിർളയും അടങ്ങുന്ന വൻ ബിസിനസ്സുകാർ കൈയടിക്കിവെച്ചിരുന്ന സ്വകാര്യ ബാങ്കുകൾ ഒറ്റയടിക്ക് ദേശസാൽക്കരിക്കാനെടുത്ത തീരുമാനം കൈക്കൊള്ളാൻ ഇന്ദിരയല്ലാതെ മറ്റാരും ധൈര്യപ്പെടില്ല.

ശാസ്ത്രയുഗത്തിൽ ബഹിരാകാശത്തിൽ മനുഷ്യൻ വിലസുമ്പോൾ വളരെ പിന്നിലായിരുന്ന ഇന്ത്യയെ സാങ്കേതികസിദ്ധി നേടിയ രാഷ്ട്രങ്ങളുടെ മുമ്പിലെത്തിച്ച ഭരണനേട്ടവും ഇന്ദിരയുടേതായിട്ടുണ്ട്. ബഹിരാകാശ ശാസ്ത്ര ചരിത്രത്തിന്റെ വഴിത്തിരിവായ ആര്യഭട്ട മുതൽ ഇന്ത്യക്കാരനെ ബഹിരാകാശ യാത്രികനാക്കിയത് വരെയുള്ള തുടർച്ചയായ മുന്നേറ്റത്തിന് പിന്നിൽ പ്രിയദർശനിയുടെ പ്രത്യേക താൽപര്യമുണ്ടായിരുന്നു. ആ ശാസ്ത്ര അടിത്തറയിൽ നിന്ന് വളർന്ന് ചന്ദ്രനിലേക്ക് ഉപഗ്രഹത്തെ ഇറക്കുന്നത് വരെയും സ്വന്തമായി ക്രയോജനിക് എഞ്ചിൻ നിർമ്മിക്കുന്നതിലേക്കും ഇന്ത്യൻ ശാസ്ത്രലോകം ഇന്ന് എത്തിച്ചേർന്നിരിക്കുമ്പോൾ ഇന്ദിര പാകിയ അടിത്തറ വിസ്മരിക്കാനാവില്ല.

ദാർശനികനായിരുന്ന നെഹ്രുവിനെ അപേക്ഷിച്ച് പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ അളവുകോലുകളും പരീക്ഷിച്ച് നോക്കിയ ഭരണകർത്താവായിരുന്നു ഇന്ദിര. ഇന്ദിരയെന്നാൽ ഇന്ത്യ. ഇന്ത്യയെന്നാൽ ഇന്ദിര എന്ന് ജനത പാടിപ്പുകഴ്ത്തി.

പരിസ്ഥിതിസ്‌നേഹികൾ എന്നും അഭിമാനപൂർവ്വം ഓർമ്മിക്കുന്ന സൈലന്റ് വാലി ദേശീയയോദ്യാനമായി പ്രഖ്യാപിച്ചത് ഇന്ദിരയെന്ന പരിസ്ഥിതി സ്‌നേഹിയായിരുന്നു. ഇന്ദിരാഗാന്ധിയെന്ന ഒരൊറ്റ വ്യക്തിയുടെ ആ നിർണ്ണായക തീരുമാനത്തിന്റെ ഫലമായാണ് ഇന്നും നിശബ്ദതയുടെ താഴ്‌വരയെ കാര്യമായ കേടാപാടുകളില്ലാതെ നിലനിർത്താൻ കഴിയുന്നത്. അതിരുകവിഞ്ഞ ആത്മവിശ്വാസമായിരുന്നു അവരുടെ കരുത്ത്. തീരുമാനമെടുക്കുന്നതിൽ അവർ ആരെയും അമ്പരപ്പിച്ചിരുന്നു. അത് പലപ്പോഴും ഒരു ശീലമായി അവരുടെ ജീവിതകാലത്ത് തുടർന്നുപോന്നു. കേരളത്തോട് എന്നും ഒരു അനുഭാവം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു.

ഒരുപക്ഷേ, കേരളത്തിന്റെ തനതായ സെക്കുലർ സ്വഭാവമായിരിക്കാം അവരെ ആകർഷിച്ചത്. വളരെ സെക്കുലറായ ഒരു വീക്ഷണമാണ് ഇന്ദിര പുലർത്തിയിരുന്നത്. പിന്നെ എല്ലാ കാലഘട്ടങ്ങളിലും ഏതെങ്കിലും മലയാളികൾ ഇന്ദിരാഗാന്ധിക്കൊപ്പം അവരുടെ അടുത്ത വൃത്തങ്ങളിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് നിർണായകമായ സഹായങ്ങൾ ഇന്ദിരാഗാന്ധി ചെയ്തിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡ് വന്നത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. ഏഴിമല നാവിക അക്കാദമിയുടെ രൂപരേഖ ഉണ്ടാക്കിയതും ഇന്ദിരാഗാന്ധിയുടെ കാലത്താണ് പിന്നീട് രാജീവ്ഗാന്ധി അതിന് അംഗീകാരം നൽകി. ഐ.എസ്.ആർ.ഒയുടെ വളർച്ചയ്ക്കും ഇന്ദിരാഗാന്ധി ഏറെ കാര്യങ്ങൾ ചെയ്തു. കേരളത്തോട് ഇന്ദിരാജിക്കുണ്ടായിരുന്ന സവിശേഷ താത്പര്യം അക്കാലത്ത് ഡൽഹിയിൽ അവർക്കൊപ്പം പ്രവർത്തിച്ചവർക്കെല്ലാം അനുഭവപ്പെട്ടിട്ടുള്ള കാര്യമാണ്. ആ മമത രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തുടർന്നുവെന്നത് യാദൃശ്ചികമല്ല.
അടിയന്തിരാവസ്ഥക്കാലത്ത് ലോക രാഷ്ട്രങ്ങൾ ഇന്ദിരയുടെ കാലം അസ്തമിച്ചതായി വിശേഷിപ്പിച്ചു. അടിയന്തിരാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി അധികാരത്തിൽ നിന്ന് പുറത്തായി. തുടർന്നുവന്ന മൊറാർജി ദേശായിയുടെ ഭരണത്തിൻ കീഴിൽ അഴിമതി സാർവത്രികമായതോടെ, കൈവിട്ട ഭാരത ജനത തന്നെ ”ഇന്ദിരയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ” എന്ന് ഏറ്റുവിളിച്ചു. ഇന്ദിരാഗാന്ധി ഫീനീക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുന്നതാണ് ലോകം പിന്നീട് കണ്ടത്.

1984 ഒക്‌ടോബർ 31 പ്രഭാതത്തിൽ പീറ്റർ ഉസ്തിനോവ് എന്ന വിദേശ പ്രതിനിധിയുമായുള്ള അഭിമുഖത്തിനായി വീട്ടിൽ നിന്ന് ഇറങ്ങി ഓഫീസിലേക്ക് എത്തുന്ന വേളയിൽ അംഗരക്ഷകരുടെ തോക്കിൽ നിന്നുള്ള വെടിയേറ്റ് വീണ ഇന്ദിരാഗാന്ധി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഓപ്പറേഷൻ ടേബിളിൽ അന്ത്യശ്വാസം വലിക്കുമ്പോൾ അതുവരെ ലോകം അംഗീകരിച്ച കരുത്തുറ്റ ഒരുയുഗം അവസാനിക്കുകയായിരുന്നു.

Related posts

Leave a Comment