നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്സിഡി തരുന്നില്ല. ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കിയെന്നും ബസ് ഉടമകള്‍ അറിയിച്ചു. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസ് ഉടമകള്‍ അറിയിച്ചു.

Related posts

Leave a Comment