ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം : ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ വർധന. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ പരമാവധി കൂട്ടും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേർന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കും. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.
സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കണം. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തും. വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരികയാണ്. ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ആര്‍.സി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

Leave a Comment