കോവിഡ് കേസുകളിൽ വർധന ; എണ്ണം മറച്ചുവെച്ച് സർക്കാർ ;ഒരുമാസത്തിനുള്ളിൽ 1156 മരണം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. ഒരുമാസത്തിനുള്ളിൽ 1156 മരണം റിപ്പോർട്ട് ചെയ്തിട്ടും കണക്കുകൾ മാധ്യമങ്ങൾക്ക് നൽകാതെ മറച്ചുവെച്ചിരിക്കുകയാണ് സർക്കാർ. ഏപ്രിൽ പത്തിനാണ് അവസാനമായി 223 കോവിഡ് പോസിറ്റീവ് കേസുകളുടെ കണക്ക് പുറത്തുവിട്ടത്.
അതേസമയം, സർക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോർഡിൽ ചേർത്തിരിക്കുന്ന കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. കഴിഞ്ഞമാസം ആകെ 8754 പേർ കോവിഡ് പോസിറ്റീവായി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
30 ദിവസത്തെ കാലയളവിൽ 1156 മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 2580 മരണം രേഖപ്പെടുത്തി. എന്നാൽ, ജില്ല തിരിച്ചുള്ള മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. അതേസമയം, കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണു പ്രതിദിന കണക്കുകൾ പുറത്തു വിടുന്നത് അവസാനിപ്പിച്ചത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ, കേസുകൾ കുറഞ്ഞെങ്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയും ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കാൻ നിർദ്ദേശിച്ചും ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത് എന്തിനെന്ന ചോദ്യമുയരുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഏപ്രിൽ 30ന് 88 കോവിഡ് കേസുകളാണ് എറണാകുളത്തു മാത്രം രേഖപ്പെടുത്തിയത്. അതേസമയം, മുമ്പ് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർ അപ്പീൽ നൽകിയതും നേരത്തെ പൂർണ വിവരങ്ങൾ ലഭിക്കാത്തതുമായ മരണങ്ങൾ ഇപ്പോൾ ഉൾപ്പെടുത്തുന്നതിനാലാണ് മരണസംഖ്യ കൂടുന്നതെന്ന് വിശദീകരിച്ച് തടിതപ്പാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

Related posts

Leave a Comment