അപൂർണ്ണ കവിത-രേണു സന്തോഷ് ; കവിത വായിക്കാം

അപൂർണ്ണ കവിത

പൂർണ്ണമാകാത്തൊരു
കവിതയാകേണമെനിക്ക്,
ആർക്കും മുഴുവൻ
വായിച്ചെടുക്കുവാനാകാത്ത കവിത….
ആരെങ്കിലും വായിച്ചു തീർന്നെന്നു
നിനക്കുമ്പോൾ പുതു വരികൾ കൂടി
ചേർത്തെഴുതി പുതുക്കപ്പെട്ട
കവിതയാകേണമെനിക്ക്..

ഒരിക്കലും വാടിക്കൊഴിയാത്ത
പൂവാകേണമെനിക്ക്,
നിന്റെ പ്രണയത്തിൽ കൊരുത്തുനിൽക്കാൻ
വാടിത്തുടങ്ങുമ്പോൾ പുനർജ്ജനിക്കായ്
നിന്റെ തലോടലിൽ മയങ്ങീടുവാൻ..

ഒരിക്കലും നിലക്കാത്ത മഴത്തുള്ളിയായ് പൊഴിയേണമെനിക്ക്,
ഭ്രാന്തുപിടിപ്പിക്കുന്ന നിന്റെ മൗനങ്ങളിൽ
വാക്കായ് വരികളായ് നിറയുവാൻ…

ചേർന്നൊഴുകുന്ന പുഴയാകേണമെനിക്ക്,
ഇരു പുഴകളായ് ഒഴുകിയകലുവാനാകാതെ
നിന്നിലലിഞ്ഞു നിന്നോടൊപ്പം
ഒഴുകി തീർന്നീടുവാൻ…

ഏഴഴകുള്ള മാരിവില്ലാകേണമെനിക്ക്,
നിറം മങ്ങിത്തുടങ്ങിയ നമ്മുടെ ആകാശത്ത്
ഒരിക്കൽ കൂടി നിറഞ്ഞു നിൽക്കാൻ…

നിറശോഭയോടെ നിലവിളക്കിന്നൊളിയാകേണമെനിക്ക്,
നീ കോറിയിടുന്നൊരീ നോവിന്റെ വരികളിൽ
ഒരു വട്ടം കൂടി തെളിഞ്ഞു നിൽക്കാൻ..

Related posts

Leave a Comment