ക്ഷീരസംഘങ്ങൾക്ക് ആദായ നികുതി ; കേരളം ഒറ്റക്കെട്ടായി എതിർക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രാഷ്ട്രീയത്തിന് അതീതമായി കേരളം ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക പ്രതിഷേധ ജ്വാലയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തിയ അതേ ലാഘവത്തോടെയാണ് അതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ക്ഷീരമേഖലയിലും കേന്ദ്രം ഇടപെടുന്നത്. പാര്‍ലമെന്‍റില്‍ ഈ വിഷയം അതിശക്തമായി അവതരിപ്പിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരോടും ആവശ്യപ്പെടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസ്സാക്കുമെന്നും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കോവിഡ് കാലത്ത് ഏറെ കഷ്ടതകള്‍ സഹിച്ചും ക്ഷീരകര്‍ഷകര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്ന ഈ കര്‍ഷകരുടെ മേലാണ് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതിയുടെ പേരില്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര നടപടി പിന്‍വലിക്കുന്നതു വരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആനന്ദ് മാതൃകയിലുള്ള സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം യുക്തിക്ക് നിരക്കുന്നതല്ലെന്നും അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഇത് ഉണ്ടാക്കുകയെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ആനന്ദ് മാതൃകയില്‍ ലാഭത്തിന്‍റെ നീക്കിയിരിപ്പില്ല. ഒരു വര്‍ഷത്തെ കച്ചവടത്തിനു ശേഷം വരുന്ന ലാഭം കര്‍ഷക ബോണസുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് വിപണിയില്‍ ഉണ്ടായ തിരിച്ചടിയിലും ക്ഷീരകര്‍ഷകരെ താങ്ങിനിര്‍ത്തി മുന്നോട്ടുപോകുമ്പോഴാണ് ഇടിത്തീ പോലെ കേന്ദ്ര സര്‍ക്കാരിന്‍റെ തിരിച്ചടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും പ്രതിഷേധ ജ്വാല തെളിയിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു.

Related posts

Leave a Comment