സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങൾ ; സർക്കാരും നിസംഗത പാലിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ

കൊച്ചി: സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹവും സർക്കാരും നിസംഗത പാലിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കേരളം പുകയുന്ന അഗ്നിപർവതമായി മാറിയിട്ടും അത് കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിലെ ചർച്ച അവസാനിപ്പിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു. മതേതരത്വത്തിന് മുറിവേൽക്കുന്നത് നോക്കി നിൽക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രശ്നം തണുപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരുന്നെന്നും കെ സുധാകരൻ എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞു.

പ്രവൃത്തിയില്ലാതെ വാചകമടിയിലൂടെ കാര്യം നടത്താൻ ശ്രമിക്കുന്ന സി പി എമ്മിന്റെ സ്‌ഥായീ ഭാവമാണ് ഇവിടെയും കണ്ടത്. മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് വൈകിപ്പോയി. ബിഷപ്പിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹം പറഞ്ഞതിനെ കുറിച്ച അന്വേഷിച്ച് യാഥാർഥ്യം തെളിയിക്കേണ്ട ബാധ്യത സംസ്‌ഥാന സർക്കാരിനുണ്ടായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയുടെ തെറ്റും ശരിയും വിലയിരുത്തേണ്ടത് എല്ലാവരും ഒന്നിച്ചിരിക്കുന്ന വേദിയിലാണ്. കാലങ്ങളായി കേരളത്തിൽ നടക്കുന്ന ചില വിവാദങ്ങളുടെ യാഥാർഥ്യം അന്വേഷിക്കേണ്ട സർക്കാർ അത് ചെയ്തില്ല.

കോൺഗ്രസിന് സി പി എമ്മിനെക്കാൾ വലിയ ശത്രു ബി ജെ പിയും വർഗീയ ഫാസിസവുമാണ്. ഒരു സംസ്‌ഥാനത്ത്‌ മാത്രമുള്ള സി പി എമ്മിനെ ഞങ്ങൾ എന്തിനു പേടിക്കണമെന്നും സുധാകരൻ ചോദിച്ചു. തുടര്ഭരണം കിട്ടിയെന്ന അഹങ്കാരം സി പി എമ്മിന് വേണ്ടെന്നും സുധാകരൻ പറഞ്ഞു. അനുയായികളില്ലാത്ത നേതാക്കൾ മാത്രമാണ് കോൺഗ്രസിൽ നിന്ന് പോകുന്നത്. ഇത്തരം നേതാക്കൾ പാർട്ടിക്ക് ഭൂഷണമല്ല. ഇത് സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദൂഷ്യമാണ്. പുനഃസംഘടന അത്ര എളുപ്പമല്ലെന്നും എങ്കിലും വൈകാതെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ ആയുസാണ് പിണറായി സർക്കാരിന്റെയും ആയുസെന്നും തുടർഭരണം കിട്ടിയത് വെറുതെയല്ലെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ദീർഘായുസ് നേർന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു. പിണറായി വിജയന്റെ കൺകണ്ട ദൈവമാണ് മോഡി. ലാവ്‌ലിൻ, കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളൊക്കെ എവിടെ പോയെന്നും സുധാകരൻ ചോദിച്ചു.

Related posts

Leave a Comment