പ്രധാനമന്ത്രി വഴിയിൽ കുടുങ്ങിയ സംഭവം; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേൽപ്പാലത്തിൽ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കുമെന്ന് സുപ്രീംകോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറലാണ് സമിതി രൂപീകരിക്കുക. എൻഐഎ ഡയറക്ടർ ജനറൽ, പഞ്ചാബ് എഡിജിപി, ഹൈക്കോടതി റജിസ്ട്രാർ ജനറൽ എന്നിവരും അന്വേഷണ സമിതിയിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക. ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും തങ്ങൾക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറൽ ശേഖരിച്ച പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ സമിതി വിശദമായി പരിശോധിക്കും. സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകൾ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം. നിഷ്പക്ഷമായി അന്വേഷിച്ച് നിശ്ചിത സമയത്തിനുള്ളിൽ സമതി റിപ്പോർട്ട് കൈമാറുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആരംഭിച്ച അന്വേഷണം മരവിപ്പിച്ച കോടതി പുതിയ അന്വേഷണ സമിതിയെ നിയോഗിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജനുവരി 5ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം ഫിറോസ്പൂരിൽ റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളമാണ് മേൽപാലത്തിൽ കുടുങ്ങിയത്.

Related posts

Leave a Comment