വിനോദ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവം: സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: കൊല്ലം പെരുമണില്‍ വിനോദ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ബസിനു മുന്‍പില്‍ പൂത്തിരി കത്തിച്ച കേസില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിശദീകരണം തേടിയത്. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ സര്‍ക്കാര്‍ നാളെ കോടതിയില്‍ വിശദീകരണം നല്‍കും. പെരുമണ്‍ എഞ്ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സംഘം വിനോദ യാത്ര പുറപ്പെടും മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‌റ് വിഭാഗത്തിന് കൈമാറും. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ബസുകള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

Related posts

Leave a Comment