കോവിഡ്;മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി വിധി സ്വാഗതാർഹം – ഇൻകാസ് യു എ ഇ

ഷാർജ: കോവിഡ്  മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്
സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതിവിധി ഏറെ ആശ്വാസകരമാണെന്നും  വിധിയുടെ പരിധിയിൽ മരിച്ച പ്രവാസികളെകൂടി ഉൾപ്പെടുത്തണമെന്നും  യു. എ. ഇയിലെ പ്രമുഖ പ്രവാസി സംഘടനയായ ഇൻകാസ് യു.എ.ഇയുടെ ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. ടി. എ.  രവീന്ദ്രനും ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൽ മുഹമ്മദലിയും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിന് കോടിയുടെ  വിദേശനാണ്യം കേരളത്തിന് നല്കുന്ന പ്രവാസികളെ
പല പ്രതിസന്ധി  ഘട്ടങ്ങളിലും വിസ്മരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.ഏറ്റവും ദുരിതപൂർണ്ണമായ  കാലഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടു സാമ്പത്തികമായി തകർന്ന, കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നല്കുകയെന്നത്  സർക്കാരിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണ്.

ആയിരക്കണക്കിന് പ്രവാസികളാണ് കോവിഡ് മൂലം ഗൾഫിൽ മാത്രം മരണമടഞ്ഞിട്ടുള്ളത്. നിർദ്ധനരായ പ്രവാസി  കുടുംബങ്ങളെ
മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്ന് സുപ്രീംകോടതി  വിധി ബാധകമാക്കുന്നതോടെ സാധിക്കുമെന്ന്  ഇൻകാസ് നേതാക്കൾ സൂചിപ്പിച്ചു.

കേരളത്തിലെ വിവിധ എയർ പോർട്ടുകളിൽ
റാപ്പിഡ് പി.സി.ആർ ടെസ്റ്റുകളിൽ കടുത്ത വിവേചനമാണ് തുടരുന്നത്. പ്രത്യേകിച്ചും ഭൂരിഭാഗം  പ്രവാസികൾ ആശ്രയിക്കുന്ന കരിപ്പൂർ എയർപോർട്ടിൽ.2400 രൂപ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഈടാക്കുമ്പോൾ കരിപ്പൂരിൽ 3500 രൂപയാണ് വാങ്ങുന്നത്.റാപ്പിഡ് പി.സി.ആർ ടെസ്റ്റ്കൾ എല്ലാ എയർ പോർട്ടുകളിലും സൗജന്യമാക്കണമെന്ന് ഇൻകാസ് നേതാക്കൾ ആവശ്യപ്പെട്ടു. 

കോവിഡ് രണ്ടാംവകഭേദത്തിൻ്റെ തീവ്രതയിൽ അകപ്പെട്ട്, കഴിഞ്ഞ രണ്ടു മാസത്തോളമായി നാട്ടിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് എത്രയും വേഗം ഗൾഫിൽ തിരിച്ചെത്തുന്നതിന്നും  ജോലിയിൽ പ്രവേശിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാക്കുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഇൻകാസ് നേതാക്കൾ ആവശ്യപ്പെട്ടു.


യാത്രക്ക് മുന്നോടിയായ  പരിശോധനാ സംവിധാനങ്ങൾ 4 എയർപോർട്ടു കളിലും  സജ്ജമാക്കാൻ സർക്കാറിൻ്റെ അടിയന്തിരമായ ശ്രദ്ധയുണ്ടാകണമെന്ന്  ഇൻകാസ് നേതാക്കൾ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Related posts

Leave a Comment