- ബിജെപിക്കു വൻതിരിച്ചടി, ജെഡിഎസും വീണു
ബംഗളൂരു: കർണാടക തദ്ദേശ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വൻ വിജയം. സംസ്ഥാനത്തെ നഗരസഭകളിലെ 1184 ഡിവിഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 502 സീറ്റുകൾ നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആകെയുള്ള 58 നഗരസഭകളിൽ 20 ഇടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. പതിനഞ്ചോളം നഗരസഭകളിൽ ബിജെപി ഒഴികെയുള്ള കക്ഷികളുമായി യോജിച്ചു ഭരണത്തിലെത്താനുള്ള സാഹചര്യമുണ്ട്. ബിജെപിക്കു 15 നഗരസഭകളാണു ലഭിച്ചത്.*
27നു നടന്ന വോട്ടടുപ്പിന്റെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്കു തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായി. അവർ ഭരണത്തിലിരുന്ന പല നഗരസഭകളും കോൺഗ്രസ് തിരിച്ചു പിടിച്ചു. ആകെ 433 ഡിവിഷനുകളിലാണു ബിജെപിക്കു വിജയിക്കാനായത്. നേരത്തേ സംസ്ഥാന ഭരണം കൈയാളിയിട്ടുള്ള ജെഡിഎസ് 45 സീറ്റുകളിലൊതുങ്ങി. 195 സ്വതന്ത്രരും വിജയിച്ചു. ഇവരിൽ നല്ല പങ്കും കോൺഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്നു കർണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്ന വിജയമാണിതെന്നും മതനിരപേക്ഷ കക്ഷികൾ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.