വയനാട്ടില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പപ്പായകൃഷി വ്യാപകമാവുന്നു

പുല്‍പ്പള്ളി: ജില്ലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള പപ്പായകൃഷി വ്യാപകമാവുന്നു. വിപണിയിലെ താരമായ ‘റെഡ്‌ലേഡി’ ഇനത്തില്‍പ്പെട്ട പപ്പായയാണ് ഇപ്പോള്‍ പുല്‍പ്പള്ളി അടക്കമുള്ള മേഖലകളില്‍ കര്‍ഷകര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നത്. നിരവധി സവിശേഷതകളുള്ള റെഡ്‌ലേഡിയെന്ന പപ്പായയുടെ തൈകളും ഇപ്പോള്‍ ജില്ലയില്‍ സുലഭമാണ്. 40 രൂപ വരെയാണ് ഒരു തൈയുടെ വില. നട്ടുകഴിഞ്ഞാല്‍ ഏഴാം മാസം മുതല്‍ വിളവെടുക്കാന്‍ സാധിക്കുന്ന റെഡ്‌ലേഡിക്ക് നിലവിലെ വിപണി വില കിലോയ്ക്ക് 35 മുതല്‍ 40 രൂപ വരെയാണ്. പരമാവധി 120 കിലോ വരെ ഒരു പപ്പായയില്‍ നിന്നും വിള ലഭിക്കും. ഒരു കായ ഏറ്റവും കുറഞ്ഞത് രണ്ട് കിലോയെങ്കിലുമുണ്ടാകുമെന്നും, പത്ത് വര്‍ഷം വരെ സമാനരീതിയില്‍ വളവ് ലഭിക്കുമെന്നും കര്‍ഷകനായ ഇരുളം സ്വദേശി ജോണ്‍സണ്‍ പറയുന്നു. നടീല്‍ സമയത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തിയാല്‍ കൂടുതല്‍ വിളവ് നല്‍കുന്ന ഇനമാണ് റെഡ് ലേഡി. വെയില്‍ നേരിട്ട് ലഭിക്കുന്ന സ്ഥലത്താണ് സാധാരണ റെഡ്‌ലേഡി ഇനത്തില്‍പ്പെട്ട പപ്പായ നടാറുള്ളത്. ഉയരം കൂടാതെ വളരാന്‍ ഇത് സഹായിക്കുന്നു. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് ഈയിനം കൃഷി ചെയ്യാറില്ല. തണ്ട് ചീഞ്ഞ് നശിക്കാന്‍ ഇതിടയാക്കും. ഇളകിയ മണ്ണില്‍ കൃഷി ചെയ്യുന്നതാവും കൂടുതല്‍ അനുയോജ്യമെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. റെഡ് ലേഡി പപ്പായ നട്ട് മൂന്ന് മാസത്തിനുള്ളില്‍ പൂവിടാന്‍ തുടങ്ങും. എട്ട് മാസത്തിനുള്ളില്‍ വിളവെടുക്കാനും സാധിക്കും. മണ്ണിര കമ്പോസ്റ്റ്, ചാണകം, എല്ലുപൊടി, വേപ്പിന്‍പിണാക്ക് അടക്കമുള്ളവ നടീലിന് നിലമൊരുക്കുന്ന ഘട്ടത്തില്‍ ജൈവരീതിയില്‍ കൃഷി ചെയ്യുന്നവര്‍ ഉപയോഗിച്ചുവരുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ നടുമ്പോള്‍ നിലമൊരുക്കുന്നതിന് മുമ്പ് മണ്ണ് പരിശോധിക്കുന്നത് ഉചിതമാകുമെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. സൂക്ഷ്മമൂലകങ്ങളുടെ കുറവുണ്ടായാല്‍ റെഡ്‌ലേഡി പപ്പായയുടെ വളര്‍ച്ചയെയടക്കം ബാധിക്കുന്ന കാരണത്താലാണത്. മണ്ണ് പരിശോധിച്ചാല്‍ ഇതിന് പരിഹാരം കണ്ട ശേഷം കൃഷി ആരംഭിക്കാവും. കൂടുതലായി നടുമ്പോള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ നടണം. മറ്റ് പപ്പായകളില്‍ നിന്നും റെഡ് ലേഡിയെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. മറ്റ് പപ്പായകള്‍ പുറമെ നിന്നും ഉള്ളിലേക്ക് പഴുക്കുമ്പോള്‍, റെഡ് ലേഡി അകത്ത് നിന്നും പുറത്തേക്കാണ് പഴുത്തുവരുന്നത്. അതുകൊണ്ട് തന്നെ പരമാവധി 10 ദിവസം വരെ പുറമെ വെച്ചാല്‍ പോലും ഈയിനം കേട് കൂടാതെയിരിക്കും. ഇത്തരത്തില്‍ പ്രത്യേകതളേറെയുള്ളതാണ് റെഡ്‌ലേഡിയിനം നടാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

Related posts

Leave a Comment