സംയുക്ത സേനാ മേധാവിയുടെ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി, തീരുമാനം ഈ മാസം അവസാനത്തോടെ

ന്യൂഡൽഹി: രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടങ്ങി. പ്രതിരോധ മന്ത്രി രാജ് നാഥ് സിം​ഗ് ഇന്നലെ ഇതു സംബന്ധിച്ച സൂചനകൾ നൽകി. വിവിധ വശങ്ങൾ ആലോചിക്കുന്നുണ്ടെന്നും തീരുമാനം തക്ക സമയത്ത് സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടായേക്കും. പുതുവർഷത്തിൽ സംയുക്ത മേധാവി സൈന്യത്തിന്റെ തലപ്പത്തുണ്ടാകുമെന്നാണ് സൂചന.
അതേ സമയം, ആരാവണം അടുത്ത സംയുക്ത സേനാ മേധാവി എന്നതു സംബന്ധിച്ച് മൂന്ന് സേനാവിഭാ​ഗങ്ങളുടെയും സീനിയോരിറ്റി പട്ടിക തയാറാക്കിത്തുടങ്ങി. കരസേനാ മേധാവി ജനറൽ എം.എം. ‌നരവനെയാണ് മൂന്നുസേനകളുടെയും തലപ്പത്തുള്ള ഏറ്റവും മുതിർന്ന ആൾ. അദ്ദേഹത്തിന് അവസരം നൽകണമെന്നാണ് വിരമിച്ചവരടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരുടെ നിലപാട്. എന്നാൽ സീനിയോരിറ്റി മാത്രമാവില്ല സംയുക്ത സേനായുടെ തലവനെ തീരുമാനിക്കുന്നതെന്ന വാദ​ഗതിയുമുണ്ട്. അടുത്ത മേയ് മാസത്തോടെ ജനറൽ നരവനെ വിരമിക്കും. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും നാവികസേനാ മേധാവി അഡ്മിറൽ എച്ച് ഹരികുമാറും ഈ പദവികളിലെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. എയർമാർഷൽ ചൗധരി സെപ്റ്റംബർ മുപ്പതിനും അഡ്മിറൽ ഹരികുമാർ നവംബർ 30നുമാണ് ചുമതലയേറ്റത്. ഇവരെക്കാൾ സീനിയോരിറ്റി കൂടിയ ആളാണ് ജനറൽ നരവനെ.
സ്ക്രീനിം​ഗ് കമ്മിറ്റിയുടെ പരിശോധനകൾ തുടങ്ങിട്ടുണ്ട്. ഇവർ വിശദമായ പട്ടിക തയാറാക്കി പ്രതിരോധ മന്ത്രിക്കു കൈമാറും. ഈ പട്ടിക കേന്ദ്ര മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. നിലവിലെ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ‌ കൊല്ലപ്പെട്ടതാണ് അവിചാരിതമായി പുതിയ മേധാവിയെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാക്കിയത്.

Related posts

Leave a Comment