ടോക്കിയോ ഒളിമ്പിക്‌സിന് ‘അരികത്തോ ഗോസ്സായിമോസ് ‘

ഡോ ശൂരനാട് രാജശേഖരന്‍ (കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്)

വിശ്വകായികമേളയ്ക്ക് തിരശ്ശീല ഉയര്‍ത്തിക്കൊണ്ട് ലോകരാഷ്ട്രങ്ങള്‍ നടത്തിയ മാര്‍ച്ച് പാസ്റ്റ് ജപ്പാനിലെ ടോക്യോയില്‍ വര്‍ണാഭമായി നടന്നപ്പോള്‍ മനസ്സും ചിന്തകളും 20 വര്‍ഷം പിന്നിലേക്ക് പോയി. ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുത്ത ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ ഓടിഎത്തുകയാണ്..
അന്നത്തെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി മുകുള്‍ വാസ്‌നിക് സംസ്ഥാന സ്‌പോര്‍ട്‌സ്
മന്ത്രി പന്തളം സുധാകരനും പി.ടി ഉഷ അടക്കമുള്ള ഇന്ത്യയുടെ അഭിമാന താരങ്ങളും മലയാള മനോരമയ്ക്കും മാതൃഭൂമിക്കും വേണ്ടി സനല്‍ പി. തോമസും വി. രാജഗോപാലും എല്ലാം അടങ്ങിയ സംഘം.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സ്‌പോര്‍ട്‌സ് മന്ത്രിമാരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാരും ഈ സംഘത്തിലെ അനൗദ്യോഗിക അംഗങ്ങളായിരുന്നു.
‘അരികത്തോ ഗോസ്സായിമോസ്’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടുള്ള കൂടിച്ചേരലുകള്‍ എല്ലാ പ്രഭാതങ്ങളിലും. ജാപ്പനീസ് ഭാഷയില്‍ ആ വാക്കിന്റെ അര്‍ത്ഥം പ്രഭാത നമസ്‌കാരം എന്നാണ്.
ഇന്ത്യയിലെ സ്‌പോര്‍ട്‌സ് മന്ത്രിമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി പന്തളം സുധാകരന്‍ ആയിരുന്നു. നീന്തല്‍ മത്സരങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പന്തളത്തിന് ആവേശം അലയടിച്ചു ഉയര്‍ന്നു. മന്ത്രിക്കും നീന്തണം എന്നായി. പക്ഷേ നീന്തല്‍ അറിയാതെ എങ്ങനെ നീന്തും അതാണ് പ്രശ്‌നം?. ഇന്ത്യന്‍ ടീം താമസിച്ച ഹോട്ടലില്‍ പന്തളത്തിന് നീന്തല്‍ പരിശീലനം കൊടുക്കാന്‍ ഞാന്‍ തയ്യാറായി. നീന്തല്‍കുളത്തില്‍ എന്റെ നീട്ടിപ്പിടിച്ച രണ്ടു കൈകളിലും കമഴ്ന്നു കിടന്ന് ഒരാഴ്ച കൊണ്ട് മന്ത്രി നീന്തല്‍ പഠിച്ചു.
ഞങ്ങള്‍ ഹിരോഷിമയില്‍ നിന്നും ഒസാക്കയിലേക്കും ഒസാഖയില്‍ നിന്നും ടോക്യോയിലേക്കും ജപ്പാന്റ അഭിമാനമായ ബുള്ളറ്റ് ട്രെയിനിലാണ് അവിസ്മരണീയമായ യാത്ര നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അണുബോംബില്‍ തകര്‍ന്ന ഹിരോഷിമ നഗരം അര നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം സഞ്ചാരികളുടെ പറുദീസ ആയി മാറിക്കഴിഞ്ഞിരുന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍ കൊണ്ടും ജനസമൃദ്ധിക്കൊണ്ടും ലോകത്തിലെ തന്നെ മഹാനഗരമാണ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ. ഒസാഖോ പട്ടണം ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ്.
130 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യം ലോകത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ നമ്മള്‍ ചൈനയെ കടത്തിവെട്ടും എന്നാണ് ഇന്നത്തെ കണക്ക്.
കേരളത്തിന്റെ അത്രയുംപോലും വലിപ്പമില്ലാത്ത ചെറിയ രാജ്യങ്ങള്‍ ഒളിംപിക്‌സ് മെഡലുകള്‍ വാരിക്കൂട്ടുന്നു. എന്തുകൊണ്ട് ഇന്ത്യ മെഡല്‍ പട്ടികയില്‍ ഏറ്റവും പിന്നില്‍ പോകുന്നു…?
ഒളിമ്പിക്‌സിന്റെ ആരവത്തിലും ആവേശത്തിലും ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഈ ചിന്ത വരേണ്ടതാണ് ..

Related posts

Leave a Comment