ഓഗസ്റ്റ് വിപ്ലവത്തിന്റെ ഓര്‍മയില്‍; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ദേശസ്‌നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും തിളക്കവും മങ്ങലും പരിശോധിക്കുന്ന വര്‍ത്തമാനകാലത്ത് ക്വിറ്റ്ഇന്ത്യാ സമരത്തിന്റെ പ്രസക്തി ഏറെയാണ്. നിരവധി പ്രക്ഷോഭ-പ്രതിഷേധ രീതികള്‍ കടന്നാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഉദയം ദര്‍ശിച്ചത്. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം ലോകംകണ്ട വിപ്ലവ മുദ്രാവാക്യങ്ങളില്‍ ഏറ്റവും ഊര്‍ജദായകമായിരുന്നു. 1942 ഓഗസ്റ്റ് 8ന് ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനിയില്‍ ചേര്‍ന്ന എഐസിസി സമ്മേളന വേദിയിലായിരുന്നു അഗ്നിസ്ഫുലിംഗങ്ങള്‍ ജ്വലിക്കുന്ന സമരാഹ്വാനം മുഴങ്ങിയത്. ഓഗസ്റ്റ് ഒമ്പത് നേരം പുലരുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന അന്തിമ പോരാട്ടത്തിനുള്ള കാഹളം മുഴങ്ങി. ഈ മുദ്രാവാക്യവും പ്രതിഷേധവും അടിച്ചമര്‍ത്താന്‍ മണിക്കൂറുകള്‍ക്കകം ബ്രിട്ടീഷ് സൈനികരും പൊലീസും രംഗത്തിറങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ദേശവിരുദ്ധ പ്രസ്ഥാനമായി പ്രഖ്യാപിച്ച് നിരോധനം ഏര്‍പ്പെടുത്തി. ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, ആസാദ് തുടങ്ങിയ മുഴുവന്‍ നേതാക്കളെയും ബ്രിട്ടന്‍ തടവിലാക്കി. തെരുവീഥികള്‍ സമരാങ്കണങ്ങളായി മാറി. അതിക്രൂരമായ ലാത്തിചാര്‍ജും വെടിവെപ്പും കൊണ്ട് നൂറുകണക്കിന് സമര പോരാളികള്‍ മരണം വരിക്കുകയോ മൃതപ്രായരായി തീരുകയോ ചെയ്തു. കോണ്‍ഗ്രസിനെ നിരോധിക്കുകയും നേതാക്കളെ ജയിലിലടക്കുകയോ ചെയ്താല്‍ സമരം അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന മൂഢവിശ്വാസമാണ് ക്രൂരമായ അടിച്ചമര്‍ത്തലിന് കാരണമായത്. പക്ഷെ ദേശക്കൂറിന്റെയും സ്വാതന്ത്ര്യദാഹത്തിന്റെയും ഉറവ് വറ്റാത്ത ഊര്‍ജം വഹിക്കുന്ന ഇന്ത്യന്‍ ജനതക്ക് മുമ്പില്‍ ബ്രിട്ടന്റെ തോക്കുകളും ലാത്തികളും നിര്‍വീര്യവും നിഷ്ഫലവുമാവുകയായിരുന്നു. പലയിടങ്ങളിലും തീവെപ്പും റെയില്‍ തടസ്സങ്ങളും ഹര്‍ത്താലും ബന്ദും ആചരിക്കപ്പെടുകയുണ്ടായി. രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനംവരെ സമരഭടന്മാരെ വിചാരണകൂടാതെ ബ്രിട്ടീഷുകാര്‍ തടവിലടച്ചു. തിളച്ചുമറിയുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിക്കാതെ ഒരുവിഭാഗം ഇന്ത്യക്കാര്‍ ബ്രിട്ടന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഹിന്ദുമഹാസഭ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സര്‍വേന്ത്യാ മുസ്ലിംലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ബ്രിട്ടന്‌വേണ്ടി ചാരപ്പണിയും യുദ്ധ ഫണ്ട് പിരിവും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെ അന്തിമ പോരാട്ടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ് ബഹിഷ്‌കരിച്ചു. തൊഴിലാളികള്‍ പണിശാലകളും വക്കീല്‍മാര്‍ കോടതികളും ബഹിഷ്‌കരിച്ച് സമരത്തില്‍ പങ്കാളികളായി. നികുതി വര്‍ധനവിനെതിരെയും ചൂഷണഭരിതമായ ഭൂനിയമങ്ങള്‍ക്കെതിരെയും കര്‍ഷകര്‍ സമരത്തിലിറങ്ങി. വിപ്ലവകാരികള്‍ രാജ്യത്തുടനീളം സമാന്തര സര്‍ക്കാരുകള്‍ രൂപീകരിച്ച് ഭരണം നടത്തി. വിവര സാങ്കേതികവിദ്യ ഇത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് മുഴുവന്‍ ഇന്ത്യക്കാരെയും ആഗസ്റ്റ് വിപ്ലവത്തിന് പിന്നില്‍ അണിനിരത്താന്‍ സാധിച്ചത് ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും മാസ്മര ശക്തികൊണ്ടായിരുന്നു. നേതാക്കളെല്ലാം ജയിലറക്കുള്ളിലായപ്പോള്‍ ജനങ്ങള്‍ സ്വയം നേതാക്കളായി മാറുകയായിരുന്നു. പ്രക്ഷോഭകരെ അതിക്രൂരമായി അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ച സമരഭടന്മാര്‍ പോസ്റ്റ്ഓഫീസുകളും റെയില്‍വെ സ്റ്റേഷനുകളും തകര്‍ത്തു. മാതൃരാജ്യത്തെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജാതി-മത വിവേചനം കൂടാതെയാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തെ നയിച്ചത്. നേതൃത്വത്തിന്റെ അഭാവം, ബ്രിട്ടീഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍, സംഘടനാ സംവിധാനത്തിലുള്ള പോരായ്മകള്‍ തുടങ്ങിയ കാരണങ്ങളാല്‍ പ്രക്ഷോഭം മന്ദീഭവിച്ചുവെങ്കിലും ഇന്ത്യന്‍ ജനതയെ ഏകോപിപ്പിക്കുന്നതില്‍ ക്വിറ്റ്ഇന്ത്യാ സമരം വലിയ പങ്കാണ് നിര്‍വഹിച്ചത്. അറുപതിനായിരത്തിലധികം സമരഭടന്മാരെ ജയിലിലടച്ചു. നൂറുകണക്കിനാളുകള്‍ വീരരക്തസാക്ഷിത്വം വരിച്ചു. ആയിരക്കണക്കിന് സമരക്കാരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. പതിനായിരക്കണക്കിന് സമരക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ബംഗാളിലുണ്ടായ അതിരൂക്ഷമായ ക്ഷാമത്തില്‍ 30 ലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടത് സമരത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടു. തങ്ങള്‍ക്ക് ഇന്ത്യയെ കോളനിയാക്കി ചൂഷണം ചെയ്ത ബ്രിട്ടീഷുകാര്‍ക്ക് ഭാവിയില്‍ ഇത് തുടരാനാവില്ലെന്ന് ബോധ്യമായത് ക്വിറ്റ്ഇന്ത്യാ സമരത്തോടുകൂടിയായിരുന്നു. ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടനോട് രാജ്യംവിട്ട് പോകാനുള്ള ഗാന്ധിജിയുടെ കല്പന സഫലമാവുകയായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഇന്ത്യ വിമോചിക്കപ്പെട്ടു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം ഓരോ പൗരനും ഏറ്റെടുക്കുകയായിരുന്നു.

Related posts

Leave a Comment