ഇടുക്കിയിലും സി പി എം -സി പി ഐ ഭിന്നത മറനീക്കി പുറത്തുവന്നു

ഇടുക്കി :ഇടുക്കി തഹസിൽദാറെ സസ്‌പെന്റ് ചെയ്തതിനെതിരെ സി പി എം പരസ്യമായി രംഗത്ത് .അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വേണ്ടി തഹസിൽദാറെ ബലിയാടാക്കിയെന്നാണ് സി പി എം ആരോപണം .പട്ടയ വിതരണവുമായി ബന്ധപ്പെട്ടാണ് തഹസിൽദാർ വിൻസെന്റ് ജോസഫിനെ സസ്‌പെൻഡ് ചെയ്തത് ..

ഇടുക്കി തഹസിൽദാർക്ക്‌ എതിരായ റവന്യൂവകുപ്പിന്റെ സസ്‌പെൻഷൻ നടപടി ജില്ലയിലെ പട്ടയനടപടികളെ ദുർബലപ്പെടുത്തുമെന്ന്‌ കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യനും സെക്രട്ടറി എൻ വി ബേബിയും പ്രസ്‌താവനയിൽ പറഞ്ഞു.
സർക്കാർനയം നടപ്പാക്കിയ ഉദ്യോഗസ്ഥനെ നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി ബലികൊടുക്കുന്ന സമീപനം ആശ്വാസ്യമല്ല. അരനൂറ്റാണ്ടായി മുടങ്ങിക്കിടന്ന പട്ടയനടപടികൾ ഊർജിതപ്പെടുത്തിയത് എൽഡിഎഫ് സർക്കാരാണ്. ആദിവാസിവിഭാഗങ്ങൾക്ക് ഏറ്റവും കൂടുതൽ പട്ടയം നൽകിയതും എൽഡിഎഫ് സർക്കാരാണ്.
2020 സെപ്തംബറിലാണ് ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളിൽ പട്ടയം നൽകാൻ റവന്യൂവകുപ്പ് ഉത്തരവിട്ടത്. ഒരു വർഷത്തിനുള്ളിൽ തന്നെ രണ്ടായിരം പേർക്ക് പട്ടയം ലഭ്യമാക്കിയത്‌ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്‌. അന്നത്തെ ജില്ലാ കളക്ടർ എച്ച്‌ ദിനേശന്റെ നേതൃത്വത്തിലാണ്‌ പട്ടയനടപടികൾ ത്വരിതപ്പെടുത്തിയത്.
അഴിമതിക്കാരായ സ്ഥാപിതതാൽപര്യക്കാരെ തൃപ്തിപ്പെടുത്താനാണ്‌ ഇടുക്കി തഹസിൽദാർക്കെതിരെ നടപടി സ്വീകരിച്ചത്‌. ഇത്‌ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തും. പട്ടയവിതരണത്തിൽ ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നും പണപ്പിരിവ്‌ നടത്തുന്നുണ്ടെന്നും കർഷകസംഘം നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇവർ കെട്ടിച്ചമച്ച വ്യാജപരാതിയിന്മേലാണ് ഇപ്പോൾ തഹസീൽദാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌.
സർവെയർമാരുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഒരു സർവയേറെ പോലും സസ്‌പെൻഡ് ചെയ്തിട്ടില്ല. ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ച് ചിലർ നടത്തിയ നീക്കങ്ങൾക്ക്‌ റവന്യൂ വകുപ്പ് ഒത്താശ ചെയ്തത് ശരിയായില്ലെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു.

ഇതേ സമയം കഞ്ഞിക്കുഴി പഞ്ചായത്തിൽ ആദിവാസികളുടെ ഭൂമിക്കു പട്ടയം നൽകുന്നതിനുള്ള അളവ് പോലും നടത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി കെ .കെ .ശിവരാമൻ പറയുന്നത് .ഗവ .ഡെപ്യൂട്ടി സെക്രട്ടറി ഇത് സംബന്ധിച്ചു പരിശോധനകൾ നടത്തിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related posts

Leave a Comment