സത്യത്തില്‍ ആരാ നിങ്ങടെ നേതാവ് ?

പി സജിത്ത് കുമാർ

സിപിഎം പ്രവര്‍ത്തകരെ സമ്മതിക്കണം, പ്രത്യേകിച്ച് സൈബര്‍ സഖാക്കളെ. സ്വര്‍ണകടത്തും ക്വട്ടേഷനുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോള്‍ ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റെയും സജീവപ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമൊക്കെ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് കസ്റ്റംസ് വിശേഷിപ്പിക്കുന്ന അര്‍ജുന്‍ ആയങ്കിയെയും അര്‍ജുന്റെ ആത്മസുഹൃത്തായ ആകാശ് തില്ലങ്കേരിയേയുമൊക്കെയാണ് വീരാരാധനയോടെ പിന്തുണയ്ക്കുന്നത്.
തമാശയല്ല, നിങ്ങളൊന്ന് പരിശോധിച്ചു നോക്കൂ. സൈബറിടത്ത് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റേയും കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടേയും ഫേസ്ബുക്ക് പേജൊന്ന് താരതമ്യം ചെയ്തു നോക്കൂ. ഫേസ്ബുക്കില്‍ ആകാശ് തില്ലങ്കേരിയെ പിന്തുടരുന്നത് 60992 പേരാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനെയാകട്ടെ 43505 പേര്‍ മാത്രമാണ് ഫോളോ ചെയ്യുന്നത്. ഇന്നലെ കസ്റ്റംസുകാര്‍ കൈവിലങ്ങിട്ട് തെളിവെടുപ്പിന് കൊണ്ടു വന്ന അര്‍ജുന്‍ ആയങ്കിക്കു വരെ 44,772 പേര്‍ ഫോളോവേഴ്‌സായിട്ടുണ്ട്. ആകാശ് തില്ലങ്കേരിയേയും അര്‍ജുന്‍ ആയങ്കിയേയും പേരെടുത്ത് പറഞ്ഞ് അവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞപ്പോള്‍ ജയരാജനെ ഫോളോ ചെയ്യുന്ന പാര്‍ട്ടിക്കാരുടെ എണ്ണത്തില്‍ ഇടിവും ക്വട്ടേഷന്‍ ടീമിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുതിച്ചു കയറ്റവും.
തന്റെ പ്രവൃത്തികള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല എന്നു പറഞ്ഞ് ആകാശ് തില്ലങ്കേരിയിട്ട പോസ്റ്റ് അഞ്ഞൂറിലേറെ പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ആയിരത്തി അഞ്ഞൂറിലേറെ പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ബഹുഭൂരിപക്ഷവും തില്ലങ്കേരിക്ക് അനുകൂലമായ കമന്റുകളാണ്. എം വി ജയരാജനൊരു പോസ്റ്റിട്ടാല്‍ കമന്റ് രേഖപ്പെടുത്തുക എട്ടോ ഒന്‍പതോ പേര്‍ മാത്രം. കണ്ണൂരില്‍ നിന്നുള്ള മന്ത്രിയും സിപിഎം സൈദ്ധാന്തികനുമായ എം വി ഗോവിന്ദന്‍ മാസ്റ്ററേക്കാള്‍ സ്വീകാര്യത സൈബറിടത്ത് സിപിഎം പ്രവര്‍ത്തകര്‍ കല്‍പ്പിക്കുന്നത് ആകാശ് തില്ലങ്കേരിമാര്‍ക്കു തന്നെ. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷാജറിനേക്കാള്‍ നാലു മടങ്ങ് പിന്തുണയുണ്ട് ആകാശ് തില്ലങ്കേരിക്ക്. പാര്‍ട്ടി പരിപാടികള്‍ ഈ നേതാക്കളിലൂടെയല്ല, ആകാശ് തില്ലങ്കേരിയിലൂടെയും അര്‍ജുന്‍ ആയങ്കിയിലൂടെയുമൊക്കെയാണ് കൂടുതല്‍ ആളുകളിലെത്തുന്നത്.
സിപിഎം നേതാക്കളുടെ ഒരു ഗതികേട് നോക്കണേ. പാര്‍ട്ടി നേതൃത്വം തള്ളിപ്പറഞ്ഞിട്ടും സൈബറിടത്ത് സ്വാധീനം നേതാക്കളേക്കാള്‍ കൂടുതല്‍ ക്വട്ടേഷന്‍ സംഘത്തിനു തന്നെ. കേരളത്തിലങ്ങോളമിങ്ങോളം, വിദേശനാടുകളില്‍ ഒക്കെ ഇവര്‍ സിപിഎം നേതാക്കളേക്കാള്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ പറയുന്ന കാര്യത്തിനാണ് പ്രവര്‍ത്തകര്‍ പിന്തുണ നല്‍കുന്നത്. അല്ലാതെ എം വി ജയരാജനോ ഷാജറോ ഗോവിന്ദന്‍ മാസ്റ്ററോ പറയുന്നതിനല്ല.
ക്വട്ടേഷന്‍ സംഘത്തിന്റെ ഫാന്‍സുകാരായിട്ടുള്ള പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്ന കല്‍പ്പന പുറപ്പെടുവിച്ച ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഇനി എന്തോന്ന് പറയും..? ഈ പാര്‍ട്ടി ഒരു പ്രത്യേക പാര്‍ട്ടിയാണെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ മാധ്യമങ്ങളോട് പറയുമ്പോള്‍ അത് ഇത്രത്തോളമെത്തുമെന്ന് അറിഞ്ഞില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം ഒരു തമാശ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സഹായിക്കുന്ന സമീപനം സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ല എന്നാണ് പ്രധാന തമാശ. എളുപ്പത്തില്‍ പണം നേടാനും, സ്വത്ത് സമ്പാദിക്കാനും വേണ്ടി തെറ്റായ പല കാര്യങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു സിപിഎം അനുഭാവിയോ, ബഹുജന സംഘടനാ പ്രവര്‍ത്തകനോ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കാറില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. അത്തരം കുറ്റവാളികള്‍ ഏതെങ്കിലും ബഹുജന സംഘടനയില്‍ അംഗമായാല്‍ പോലും അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന പാരമ്പര്യമാണത്രേ സിപിഎമ്മിനുള്ളത്.
ആരാ പറയുന്നത്..? സ്വര്‍ണക്കടത്ത് പൊട്ടിക്കുന്നവരില്‍ നിന്ന് മൂന്നിലൊന്ന് കൈപ്പറ്റിയ പാര്‍ട്ടി! കൊടി സുനിയേയും മുഹമ്മദ് ഷാഫിയേയും പോലുള്ള ക്രിമിനലുകള്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുവെന്ന് ബോധ്യപ്പെട്ടിട്ടും അവരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന പാര്‍ട്ടി. ആവശ്യത്തിനു പരോള്‍, ജയിലില്‍ വേണ്ട സൗകര്യങ്ങള്‍, ക്വട്ടേഷന്‍ ഇടപാട് ജയലിനികത്തു നിന്നു പോലും നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍..ഒക്കെ ഭരണത്തിന്റെ തണലില്‍ പകര്‍ന്നു നല്‍കിയവര്‍ ഉളുപ്പില്ലാതെ പറയുന്നു, മാഫിയകളെ സംരക്ഷിക്കില്ലെന്ന്.
ആകാശ് തില്ലങ്കേരിക്കൊക്കെ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ സാധിക്കുന്നത് സൈബറിടത്തെ സ്വീകാര്യതയുടെ പിന്തുണ കൊണ്ടു മാത്രമല്ല, പാര്‍ട്ടി നേതാക്കളുടെ പല രഹസ്യങ്ങളും ഇവര്‍ക്കറിയുന്നതു കൊണ്ടാണ്. ഇവര്‍ പാര്‍ട്ടി നേതാക്കള്‍ക്കു നല്‍കിയിട്ടുള്ള വലിയ ‘സംഭാവനകള്‍’ക്കു പിന്നില്‍ ചെറുതല്ലാത്ത ക്വട്ടേഷനുകളും മാഫിയാ പ്രവര്‍ത്തനവുമുണ്ടാകും. അവരതു വിളിച്ചു പറയുമെന്ന ഭയം കൊണ്ട് ഈ കരുതല്‍ എന്നും ഇവര്‍ക്ക് നേതാക്കളില്‍ നിന്നു ലഭിക്കുകയും ചെയ്യും.
പെരിയയില്‍ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്ന് ജയിലില്‍ കഴിയുന്നവരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ കരുതല്‍ നമ്മള്‍ കണ്ടതാണല്ലോ. കൊലയാളികളോടുള്ള കരുതല്‍. അതേ കരുതലാണ് കൊടി സുനി തൊട്ട് ആകാശ് തില്ലങ്കേരി വരെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തിയത്. വളര്‍ന്നു വളര്‍ന്ന് അവരിപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കു മുകളിലായിട്ടും ഒരു ചുക്കും ചെയ്യാനാകാതെ അവരെ ആരാധിക്കുന്ന പ്രവര്‍ത്തകരെ നോക്കിയിരിക്കേണ്ട ഗതികേടിലാണ് സിപിഎം-ഡിവൈഎഫ്‌ഐ നേതൃത്വങ്ങളുള്ളത്.

Related posts

Leave a Comment