Connect with us
48 birthday
top banner (1)

Kerala

അനുകരണം ആവ‍‍‍‍‍‍‍‍‍‍‍‍‍‍‍ർത്തനം;
മിമിക്രിയിൽ പെൺശബ്ദം ഭേദം

Avatar

Published

on

കൊല്ലം: പുത്തനാശയങ്ങളോ വ്യത്യസ്ത അനുകരണങ്ങളോ കാഴ്ചവെയ്ക്കാതെ മിമിക്രി വേദിയെ ആവർത്തന വിരസമാക്കി കലാകൗമാരം. ശബ്ദാനുകരണകല തട്ടിൽക്കയറിയ കാലം മുതലേ കേൾക്കുന്ന അനുകരണങ്ങളല്ലാതെ സദസിനെ ഇളക്കിമറിക്കുന്ന പുതുമകളൊന്നും സംസ്ഥാന സ്കൂൾ കലോൽസവത്തിലെ ഹയർ സെക്കന്ററി വിഭാഗം മിമിക്രി വേദിയിൽ ഉണ്ടായില്ല. സുപ്രഭാതം പൊട്ടിവിടരുന്നതും കൂകിപ്പായുന്ന തീവണ്ടിയും മ്യൂസിക് ബാന്റും ഡിജെ പാർട്ടിയും സദസ് പലയാവർത്തി  കേട്ടുമടുത്തു. വന്നവരും പോയവരുമെല്ലാം അനുകരിച്ചത് ഒരേ മാതൃക. വേദിയിൽ കയറിയവരെയെല്ലാം ഒരൊറ്റയാളാണോ പഠിപ്പിച്ചു വിട്ടതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മൽസര നിലവാരം. ഇതിനിടയിലും, അതിശയിപ്പിക്കുന്ന, കാണികളുടെ കയ്യടി നേടിയ ചില പെൺശബ്ദങ്ങൾ കേട്ടു. അനുകരണം ആവർത്തനമായിരുന്നെങ്കിലും ആൺകുട്ടികളേക്കാൾ മിമിക്രിയിൽ മികവ് കാട്ടിയത് പെൺകുട്ടികളായിരുന്നുവെന്നത് ശ്രദ്ധേയം.  ഇന്നലെ രാവിലെ പൊടുന്നനെ ആൺകുട്ടികളുടെ മിമിക്രി വേദി മാറ്റിയ സംഘാടകരുമായി രക്ഷിതാക്കളും സ്കൂൾ അധികൃതരും തർക്കിക്കുന്ന കാഴ്ചയോടെയാണ്  കലോൽസവ നഗരി ഉണ‍ർന്നത്. ഷെഡ്യൂൾ പ്രകാരമുള്ള വേദിയിലെത്തി രജിസ്ട്രേഷന് തയാറെടുക്കുമ്പോഴാണ് പലരും വേദി  മാറിയെന്ന് അറിഞ്ഞത്. പിന്നെയവർ സമയത്തിന് എത്തിച്ചേരുമോയെന്ന് ആശങ്കപ്പെട്ട് സെന്റ് ജോസഫ് സ്കൂളിലെ 18-ാം വേദിയിലേക്ക് കാറുകളിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പാഞ്ഞു.
14 ആൺകുട്ടികളാണ് ശബ്ദാനുകരണത്തിനായി വേദിയിലെത്തിയത്. അവരിൽ ഭൂരിഭാഗവും കാളവണ്ടിയും കുതിരക്കുളമ്പടിയും വെടിക്കെട്ടും കിളികളുടെ കളകളാരവവും ഒരേ മെത്തേഡിൽ അനുകരിച്ചു കൊണ്ടേയിരുന്നു. ചെലോൽത് ശെര്യായി, ചെലോൽത് ശെര്യായില്ല. എന്നിട്ടും ആദ്യത്തെ നാലഞ്ച് മൽസരാർത്ഥികളെ കാണികൾ കേട്ടിരുന്നു. പിന്നങ്ങോട്ട് വന്നവരും പോയവരുമെല്ലാം ഇതുതന്നെ തുട‍ർന്നതോടെ സദസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങി. മൽസരത്തിന്റെ തിരശീല വീഴുമ്പോഴേയ്ക്കും കാണികൾ വിരലിലെണ്ണാൻ പാകത്തിൽ കുറഞ്ഞു. ഇതിനിടയിലും വേദിയിൽ ചിലരുടെ പ്രതിഭ മിന്നി. അമ്പലപ്പുഴ ജിഎച്ച്എസ്എസിലെ എം മഹേശ്വർ, കണ്ണൂർ മമ്പറം സ്കൂളിലെ പികെവി നന്ദു, കോട്ടയം ആർപ്പൂക്കര സ്കൂളിലെ ബി അദിൻദേവ്, കോഴിക്കോട് ചാത്തൻകോട്ടുനട സ്കൂളിലെ കെപി അഭിറാം തുടങ്ങിയവർ കൂട്ടത്തിൽ വേറിട്ടു നിന്നു. സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കുന്നത് പോയിന്റ് കുറയ്ക്കുമെന്ന് കരുതിയിട്ടാവണം, ഇക്കുറി ഇമിറ്റേഷൻ അധികമുണ്ടായില്ല. എങ്കിലും ചിലരൊക്കെ വിരസമായ വിഷയത്തിനുള്ളിലേക്ക് നടൻമാരെ കയറ്റിവിട്ടു. ഒന്നോ രണ്ടോ എണ്ണത്തിന് കയ്യടി കിട്ടിയെന്ന് മാത്രം. മലപ്പുറം കക്കോവ് സ്കൂളിലെ ഒഎസ് അഭിജിത്ത്, തിരുവനന്തപുരം വെമ്പായം കൊഞ്ചിറ നെടുവേലി സ്കൂളിലെ എസ്എസ് അഭിനന്ദ്,   പാലക്കാട് ഒലവക്കോട് സ്കൂളിലെ കെവി അർജുൻ, വയനാട് ബെത്തേരി എസ്എംസിയിലെ എഡ്വിൻ സോജ്,  എറണാകുളം ഉദയംപേരൂർ എസ്എൻഡിപി സ്കൂളിലെ ജോഹാൻ അബ്രാൻ വി ജോണി തുടങ്ങി ഒമ്പതു പേർക്ക് എ ഗ്രേഡ് നൽകി വിധികർത്താക്കൾ ഉദാരമതികളായി.
മൽസരം തുടങ്ങാൻ രണ്ടര മണിക്കൂർ വൈകിയിട്ടും വിമല ഹൃദയ സ്കൂളിലെ പെൺകുട്ടികളുടെ മിമിക്രി കേൾക്കാൻ സദസ് ക്ഷമയോടെ കാത്തിരുന്നു. ഉച്ചയ്ക്ക് 12ന് ആരംഭിക്കേണ്ടിയിരുന്ന മൽസരം തുടങ്ങിയത് 2.30-ന്. തൊട്ടുമുമ്പ്, ഇതേവേദിയിൽ മൂകാഭിനയ മൽസരത്തിനിടെ  ഉണ്ടായ സാങ്കേതിക പിഴവും മൽസരാർത്ഥികളുടെ തർക്കവും ടാബുലേഷൻ നീണ്ടതിനാൽ വിധി പ്രഖ്യാപനം വൈകിയതും സദസിനെ അലോസരപ്പെടുത്തി. എങ്കിലും, കാണികളുടെ കൊഴിഞ്ഞുപോക്കുണ്ടായില്ല. വെടിക്കെട്ടും പ്രഭാതവും തീവണ്ടിയുമെല്ലാം ആവർത്തിച്ചെങ്കിലും ചില വ്യത്യസ്ത പ്രകടനങ്ങളും വേദിയിൽ കണ്ടു. കൊല്ലം കരുകോൺ ഗവ.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസുകാരി ദിയാ രാജേഷ് വേദിയിൽ അമ്പരപ്പിക്കുന്ന ശബ്ദാനുകരണം പുറത്തെടുത്തു. ചന്ദ്രയാൻ ദൗത്യ വിക്ഷേപണത്തറയിലെ അനൗൺസ്മെന്റിൽ ആരംഭിച്ച മിമിക്രി ദിയ അവസാനിപ്പിക്കുമ്പോൾ സദസ് ഹർഷാരവം മുഴക്കി. ശാസ്ത്രരംഗത്ത് ഇന്ത്യയുടെ അഭിമാനമായ മുൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാമിന്റെ പ്രസംഗം അതേശബ്ദത്തിൽ അനുകരിച്ച ദിയ, ചിന്താ ജെറോമിന്റെയും കെആർ ഗൗരിയമ്മയുടെയും നടൻ കലിംഗ ശശിയുടെയും മാനറിസങ്ങളിലൂടെ വേദിയെ കൈയിലെടുത്തു. എസ് ജാനകിയും വൈക്കം വിജയലക്ഷ്മിയും പാട്ടുകളിലൂടെ ദിയയുടെ പ്രകടനത്തിൽ നിറഞ്ഞു നിന്നു. വയനാട് കൽപ്പറ്റ ജിഎംആർഎസിലെ എംഎസ് അനശ്വര വല്ലാത്തൊരു എനർജിയോടെയാണ് കാണികളെ ആകർഷിച്ചത്. ഡിജെ മ്യൂസിക്കിന്റെ വിവിധ ശബ്ദ പ്രകമ്പനങ്ങൾ അനശ്വരയുടെ തൊണ്ടക്കുഴിയിലൂടെ പുറത്തുവന്നു. ആലപ്പുഴ കരുവാറ്റ എൻ.എസ്.എസ് സ്കൂളിലെ ആദിത്യ വി നാഥ്, കണ്ണൂർ മൊകേരി സ്കൂളിൽ നിന്നെത്തിയ പി ജഗതപ്രിയ, പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ പി.സി സൂര്യ, കോഴിക്കോട് മേമുണ്ട എച്ച്.എസ്.എസിലെ യുക്ത നമ്പ്യാർ എന്നിവരും പ്രതിഭ തെളിയിച്ചു. ആകെ 14 പെൺകുട്ടിളാണ് മൽസരത്തിനിറങ്ങിയത്. ചാനലുകളിൽ ശബ്ദാനുകരണം മികവോടെ അരങ്ങുവാഴുന്ന കാലത്ത് കലോൽസവ വേദികളിൽ പുത്തനാശയങ്ങളുടെ ദാരിദ്യം പ്രകടമായിരുന്നുവെന്നതാണ് മൽസരത്തിന്റെ പൊതുവായ വിലയിരുത്തൽ. 

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Fashion

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധം ശക്തം; ക്യാമ്പസിലേക്ക് ഇന്ന് കെ.എസ്.യു മാർച്ച്

Published

on

വയനാട്: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യുവിന്റെ നേതൃത്വത്തിൽ ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ നിരാഹാര സമരം പുരോഗമിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ഗോകുൽദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിദ്ധാർത്ഥന്റെ മരണവും എസ്എഫ്ഐയുടെ പങ്കും പുറംലോകത്തേക്ക് എത്തിച്ചത് കെഎസ്‌യുവായിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും ഇന്ന് ആരംഭിക്കും.

അതേസമയം, യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Kerala

ഡീൻ പറഞ്ഞത് പച്ചക്കള്ളം: സിദ്ധാർഥന്റെ മരണം ആരും അറിയിച്ചില്ല

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെതിരെ സിദ്ധാർഥന്റെ കുടുംബം രംഗത്ത്. കോളജിൽ നിന്ന് ആരും മരണവിവരം അറിയിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നതായും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചു. നടപടി ഭയന്നാണ് ഇപ്പോൾ ഡീൻ ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ വന്നപ്പോൾ ഡീൻ ഒരു കാര്യവും ചോദിച്ചിട്ടില്ല. ഫോൺ ചെയ്തു സംസാരിച്ചിട്ടില്ല. സിദ്ധാർഥൻ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഡീൻ വീട് സന്ദർശിച്ചത്. ഒരാഴ്ചയ്ക്കിടെ ഒരിക്കൽ പോലും മാതാപിതാക്കളോട് ഡീൻ സംസാരിച്ചിട്ടില്ല. ഡീൻ വീട്ടിൽ വരുന്നതിനു മുൻപ് നെടുമങ്ങാട് സ്പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ വീട്ടിൽ വന്നിരുന്നു. സിദ്ധാർഥന്റെ ഡീൻ ഇവിടെ വരുന്നതിൽ നിങ്ങൾക്കു വല്ല പ്രശ്നവും ഉണ്ടോ എന്നു ചോദിച്ചു. എനിക്കെന്തു പ്രശ്നം എന്ന് മറുപടി നൽകി. ഒരു മണിക്കൂറിനുശേഷം നെടുമങ്ങാട് എസ്ഐയുടെ സംരക്ഷണയിലാണ് അദ്ദേഹം ഇവിടേക്ക് എത്തിയത്. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാമെന്നു പറ‍ഞ്ഞുവെന്നും   ജയപ്രകാശ് പ്രതികരിച്ചു.
സിദ്ധാർഥന്റെ മൃതദേഹത്തിനൊപ്പമെങ്കിലും ഡീനിനു വരാമായിരുന്നല്ലോ എന്നും പിതാവ് ജയപ്രകാശ് ചൂണ്ടിക്കാട്ടി.  പിജി വിദ്യാർഥികളാണ് മരണവിവരം അറിയിച്ചത്. ആ സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്ന നിർദേശം ഡീനിന് കിട്ടിക്കാണില്ല. ഇപ്പോൾ അവരെ സംരക്ഷിക്കുന്നവരിൽ നിന്ന് ഡീനിനു കൃത്യമായ നിർദേശം ലഭിച്ചു കാണുമെന്നും ജയപ്രകാശ് പറഞ്ഞു.  ഇത് ഒന്നോ രണ്ടോ മണിക്കൂറുകൾക്കകം നടന്ന സംഭവമല്ല. മൂന്നു ദിവസമെടുത്തു നടന്ന സംഭവമാണ്. അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അകലെ വരെ കേട്ടു എന്നാണ് അറിയാനായത്. 50 മീറ്റർ അപ്പുറത്താണ് ഹോസ്റ്റൽ വാർഡനായ ഡീൻ താമസിക്കുന്നത്. എന്നിട്ടും അറിഞ്ഞില്ലെന്നു പറയുന്നുവെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി.

Continue Reading

Featured