പി.ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കണം : ഐ.എം.എ

തിരുവനന്തപുരം: കഴിഞ്ഞ ആറു ദിവസമായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി വിദ്യാർത്ഥികൾ നടത്തുന്ന സമരം ഒത്തുതീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഇപ്പോഴുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ പി.ജി. അലോട്ട്‌മെന്റ് നടന്നിട്ടില്ല.
ഈ വർഷം ജനുവരിയിൽ നടക്കേണ്ട പരീക്ഷ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സെപ്തംബറിൽ മാത്രം നടക്കുകയും പി.ജി അലോട്ട്‌മെന്റ് കേന്ദ്രസർക്കാരിന്റെയും ദേശീയ മെഡിക്കൽ കമ്മീഷന്റെയും അനാസ്ഥ കാരണം ഇപ്പോഴും അനിശ്ചിതമായി നീണ്ടുപോവുക യുമാണ്. ഈ കാലതാമസം നമ്മുടെ നാട്ടിലെ മെഡിക്കൽ കോളേജുകളുടെ പ്രത്യേകിച്ച് സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ദേശവ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കേരളത്തിൽ നിന്നുള്ള പി.ജി വിദ്യാർത്ഥികളും പങ്കുചേരുന്നുണ്ട്. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങൾ ഉണ്ടായ സമയത്ത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കോവിഡ് പ്രതിരോധത്തിനായി മുൻനിരയിൽ നിന്നവരാണ് ഈ പി.ജി. വിദ്യാർത്ഥികൾ. രൂക്ഷമായ മാനവശേഷിക്കുറവു ണ്ടായിരുന്നിട്ടും കേരളത്തിലെ മരണനിരക്ക് കുറച്ച് നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചവർ. രാജ്യം കോവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കുന്ന ഈ സമയത്ത് 2021 വർഷ ബാച്ച് പി.ജി വിദ്യാർത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ ബാധിക്കും. 850-ലധികം അർഹരായ റാങ്ക് ജേതാക്കളാണ് കേരളത്തിൽ മാത്രം അലോട്ട്‌മെന്റ് കാത്ത് പുറത്തു നിൽക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന് മുതൽക്കൂട്ടാകേണ്ട സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഈ കുറവ് സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ തന്നെ ദോഷമായി ബാധിക്കും. ഈ സാഹചര്യത്തിൽ ഔദ്യോഗികമായിത്തന്നെ ഈ പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

Related posts

Leave a Comment