ഐ.എം.എ മുന്നറിയിപ്പ് കടുപ്പിച്ചു; ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരെ ഇനിയും അക്രമം തുടർന്നാൽ കോവിഡ് വാക്സിനേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്ന് മാറി നിൽക്കുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഡോക്ടർമാർക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാഷ്വാലിറ്റികളിലും ഒപികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയ്ഡ് പോസ്റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാൽ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. കാഷ്വാലിറ്റികളിലും ഒപികളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കുമ്പോൾ ഇനി മുതൽ വിമുക്ത ഭടന്മാരെ തിരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസന സമിതികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കണം. മെഡിക്കൽ കോളജ് പോലുള്ള വലിയ ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫിസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സുരക്ഷാ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ്കുമാർ, ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Comment