ഡോക്റ്റര്‍മാരെ ആക്രമിക്കുന്നതു നോക്കിനില്‍ക്കാനാവില്ല : ഐഎംഎ

തിരുവനന്തപുരംഃ ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറത്താണെന്ന്ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും കുറ്റപ്പെടുത്തി. ഈ ആക്രമണം കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ആക്രമണ പരമ്പരയിലെ ഏറ്റവും അവസാനത്തേതാണ ് ഫോര്‍ട്ട് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്കെ തിരെയുള്ള ആക്രമണം അതി നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തില്‍ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ല. കുറ്റവാളികള്‍ക്കെതിരേ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment