ഒമിക്രോൺ സാധ്യത ഏറെ, ജാ​ഗ്രത കൈവിടരുത്: ഐഎംഎ

കൊച്ചി: ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് രോഗവ്യാപനത്തിനെതിരെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ജനിതകമാറ്റം സംഭവിച്ചതും തീവ്ര വ്യാപന ശേഷിയുള്ളതുമായ ഒമിക്രോൺ അണുക്കൾ ഇന്ത്യയിലും എത്താനുള്ള സാധ്യത വളരെയധികമാണ്. അതിനാൽ തന്നെ ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ രണ്ട് ഡോസും പൂർത്തിയാക്കാത്തവർ എത്രയുംവേഗം അവ സ്വീകരിക്കണമെന്നും ഐഎംഎ നിർദ്ദേശിക്കുന്നു.
ഒമിക്രോൺ’ എന്ന പേരിൽ അറിയപ്പെടുന്ന അണുബാധ മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ വലുതാണ്. രോഗതീവ്രതയെക്കുറിച്ച്‌ കരുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. എല്ലാ വ്യക്തികളും നിർബന്ധമായും മാസ്ക്കുകൾ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വവും സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ചുള്ള കൈകഴുകൽ തുടങ്ങിയ പ്രാഥമിക രോഗപ്രതിരോധ മാർഗങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിക്കുന്നു.
രോഗവ്യാപനം ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നിർബന്ധ കൊവിഡ് പരിശോധനകളും ക്വാറൻറൈൻ സംവിധാനവും ആവശ്യമാണ്. രോഗവ്യാപനം തടയുന്നതിനാവശ്യമായ സത്വരവും ഫലപ്രദവുമായ ഇടപെടലുകൾ ഗവൺമെൻറിൻറെ ഭാഗത്തു നിന്നും ഉടനുണ്ടാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Related posts

Leave a Comment