നിയമവിരുദ്ധമായി സ്ഥാപിച്ച സർവെ കുറ്റികൾ പിഴുതെറിയും : കെ സുധാകരൻ എംപി

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാൽ, അതിനെതിരേ കോൺഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി കണ്ണുതുറക്കുന്നില്ലെങ്കിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന സിൽവർ ലൈൻ സർവെ കുറ്റികൾ പിഴുതെറിയും. ഇതിനെതിരേ ഉയരുന്ന പോലീസ് നടപടികളും നിയമനടപടികളും നേരിടാനാണ് പാർട്ടിയുടെ തീരുമാനം. കോടതി വിധിയെ ലംഘിച്ചുകൊണ്ടാണ് കുറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തുകയാണ്.

സിൽവർ ലൈൻ പ്രക്ഷോഭത്തിന്റെ രൂപരേഖ രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു. ലഘുലേഖ വിതരണം, പദ്ധതിക്കെതിരേയുള്ള ബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങിയ ബോധവത്കരണ പരിപാടികളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി വിശദീകരിക്കാൻ പൗരപ്രമുഖരെ കാണുമ്പോൾ കോൺഗ്രസ് ജനങ്ങളുമായി സംവദിക്കും. വീടുവീടാന്തരം ഇതിനെതിരേ പ്രചാരണം നടത്തും.

റെയിൽവെ ലൈൻ കടന്നുപോകുന്നിടങ്ങളിൽ സമരകേന്ദ്രങ്ങൾ, സമരസഹായ സമിതികൾ തുടങ്ങിയവ രൂപീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ നടത്തും. സിൽവർലൈൻ മൂലം കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കും. കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തും.

ഏതു കോണിൽ നിന്നു നോക്കിയാലും സിൽവർ ലൈൻ പദ്ധതി ജനവിരുദ്ധവും നാടിന് അത്യന്തം ഹാനികരവുമാണ്. പാരിസ്ഥിതിക പഠനം, സാമൂഹികാഘാത പഠനം, ഡിപിആർ തുടങ്ങിയ യാതൊരു തയാറെടുപ്പും ഇല്ലാതെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിക്കു ലഭിക്കുന്ന 5 ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്.

സിൽവർ ലൈനുവേണ്ടി ജപ്പാന്റെ ധനകാര്യ സ്ഥാപനമായ ജയിക്കയിൽ നിന്നാണ് വായ്പ എടുക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഈ സ്ഥാപനം കരിമ്പട്ടികയിലാണ്. കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ മൂന്നാം തലമുറ ടെക്‌നോളജി ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും വന്നു കഴിഞ്ഞു.

ടെണ്ടർ നടപടികളൊന്നും സ്വീകരിക്കാതെയാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്. ടെണ്ടർ ഇല്ലാതെ കരാർ നൽകിയതിനാണ് പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ലാവ്‌ലിൻ കേസ് ഉണ്ടായത്. രണ്ടാം ലാവ്‌ലിൻ കേസിനാണ് പിണറായി തുടക്കം കുറിക്കുന്നത്.

സിൽവർ ലൈൻ ലാഭകരമാക്കാൻ നിലവിലുള്ള റോഡുകളുടെയും റെയിലുകളുടെയും വളർച്ച മുരടിപ്പിക്കണമെന്ന ഡിപിആറിലെ നിർദേശം അത്യന്തം പിന്തിരിപ്പനാണ്. കെ റെയിൽ മറയാക്കി 10757 ഹെക്ടർ വനവും 1227 ഹെക്ടർ റവന്യൂ ഭൂമിയും റിയൽ എസ്റ്റേറ്റിനു വിട്ടുകൊടുക്കുമ്പോൾ കേരളത്തിന്റെ പാരിസ്ഥിതിക തകർച്ച പൂർണമാകും.

വ്യക്തമായ ബദൽ നിർദേശത്തോടെയാണ് കോൺഗ്രസ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നത്. യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത സബർബൻ റെയിൽ പദ്ധതി വെറും 12,000 കോടി രൂപയ്ക്ക് നടപ്പാക്കാവുന്നതാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം- ചെങ്ങന്നൂർ സബർബൻ റെയിലിന് 2000 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. കേരളം മൊത്തത്തിൽ നടപ്പാക്കാൻ 12,000 കോടി രൂപയും. 160 കിമീ സ്പീഡിൽ എല്ലാ 20 മിനിറ്റിലും അഞ്ചോ ആറോ ബോഗികളുള്ള ട്രെയിനുകൾ എല്ലായിടത്തും ലഭ്യമാക്കാൻ സാധിക്കുമായിരുന്നു. നിലവിലുള്ള ലൈനുകളിലെ സിഗ്നലുകൾ പരിഷ്‌കരിച്ചാൽ അനായാസം നടപ്പാക്കാവുന്ന പദ്ധതിയാണിത്.

കോയമ്പത്തൂർ, മംഗലാപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളെ കോർത്തിണക്കുന്ന ചെറുവിമാനങ്ങളുടെ കെ വിമാന പദ്ധതി മറ്റൊരു ബദലാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment