ഇതാ ഇളം കിളിമൊഴികൾക്കായ് കാതോർക്കുന്നു , മാവൂരിലെ തണ്ണീർത്തടങ്ങൾ

Reshma surendran

കോഴിക്കോട്: പുതു കിളിമൊഴികൾക്കായ് ഒരു നാടാകെ കാതോർത്തിരിക്കുന്നു. കൊക്കുരുമ്മിയും കൂടൊരുക്കിയും തണ്ണീര്‍ത്തടങ്ങളുടെ തണലില്‍ കുഞ്ഞു പക്ഷികുഞ്ഞുങ്ങളെ വരവേല്‍ക്കുന്ന പക്ഷികൂട്ടങ്ങളുടെ അപൂര്‍വ്വ കാഴ്ചയ്ക്ക് വേദിയാവുകയാണ് കല്‍പള്ളി, തെങ്ങിലക്കടവ്, പള്ളിയോള്‍ ഭാഗങ്ങളിലെ നീര്‍ത്തടങ്ങള്‍. മാവൂരിലെ തണ്ണീര്‍ത്തടങ്ങളുടെ പച്ചപ്പിനുള്ളില്‍ പക്ഷികള്‍ക്കിത് പ്രജനനകാലം.

വൈൽഡ് ഫോട്ടോഗ്രാഫർ കൂടിയായ സിവിൽ പോലീസ് ഓഫീസർ ഹഹീർ പെരുമണ്ണ പകർത്തിയ ചിത്രങ്ങൾ

കൊക്കുകളുടെ കുടുംബത്തില്‍പ്പെട്ട വെള്ള അരിവാള്‍ കൊക്ക്( ബ്ലാക്ക് ഹെഡഡ് ഐബിസ്), ചേരകൊക്ക് (ഓറിന്റല്‍ ഡാര്‍റ്റര്‍), ചായമുണ്ടി (പര്‍പ്പിള്‍ ഹെറോണ്‍) എന്നിവ കൂട്ടമായി പ്രദേശത്ത് തമ്പടിക്കുകയും പ്രജനനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് വയനാട്, കോട്ടയത്ത് കുമരകം എന്നീ പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങളില്‍ കൂടുതലായി കണ്ടു വരുന്ന വെള്ള അരിവാള്‍ കൊക്കുകളാണ് മേഖലയില്‍ കൂടുതലായി കൂട് കൂട്ടിയിരിക്കുന്നത്. രണ്ടും മൂന്നും കുഞ്ഞുങ്ങളാണ് ഇവയുടെ കൂടുകളിലുള്ളത്. പക്ഷികളുടെ പ്രജനനകാലത്തെ കുറിച്ച് പഠിക്കാനും നിരീക്ഷാനും മറ്റും പക്ഷി ഗവേഷക വിദ്യാര്‍ത്ഥികളും മേഖലയിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. സെപ്തംബര്‍ ഒക്‌ടോബര്‍ മാസം മുതലാണ് ഐബിസ് ഇനത്തില്‍പ്പെട്ട നീര്‍പക്ഷികള്‍ കൂടൊരുക്കി മുട്ടയിടാന്‍ ആരംഭിക്കുന്നത്. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറന്നു പോകുന്നത് വരെ തള്ള പക്ഷി പക്ഷി സങ്കേതത്തിനുള്ളില്‍ കൂട്ടിനുണ്ടാവും.ചുള്ളികൊമ്പ് കൊണ്ട് പത്തോളം കൂടുകള്‍ ഒരു മരത്തില്‍ തന്നെ പക്ഷികള്‍ ഒരുക്കും. പ്രജനന കാലത്ത് വെള്ള അരിവാള്‍ കൊക്കുകള്‍ക്ക് ചിറകിനടിയില്‍ ചുവപ്പ് നിറമുള്‍പ്പെടെ ചില മാറ്റങ്ങളും പ്രകടമാകും. ഈലക്ഷണങ്ങളിലൂടെയാണ് ഇവയുടെ പ്രജനന കാലം നിര്‍ണയിക്കപ്പെടുന്നത്. കൊയ്ത്തു കഴിഞ്ഞ പാടത്തിറങ്ങി മത്സ്യങ്ങളെയും തവളകളെയും ഭക്ഷണമാക്കുന്ന ഇവ മുട്ടയിടുന്ന കാലത്ത് മാത്രമാണ് കൂട് ഒരുക്കാറുള്ളത്. വരും ദിവസങ്ങളില്‍ മാവൂരിലെ തണ്ണീര്‍ത്തടങ്ങളിലേക്ക് കൂടുതല്‍ പക്ഷികള്‍ എത്താനാണ് സാധ്യതയെന്നും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.2005ല്‍ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി മൂാവൂര്‍ തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ 44 സ്പീഷിസുകളിലായി മൂവായിരത്തിലേറെ പക്ഷികളെ മാവൂര്‍ തണ്ണീര്‍ത്തടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 48 പക്ഷി കുടുംബങ്ങളിലെ 150 സ്പീഷിസുകളില്‍പ്പെട്ട പക്ഷികളെ ഇവിടെനിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 35 സ്പീഷിസുകള്‍ ദേശാനടക്കിളികളായിരുന്നു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരട്ടിയിലധികം പക്ഷികള്‍ മാവൂരിലുണ്ടെന്നാണ് ഗവേഷക വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുന്നത്. അന്നത്തെ പഠനത്തില്‍ 56 ഇനം പക്ഷികള്‍ പ്രജനനം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കണക്കും നിലവില്‍ വര്‍ധിച്ചുണ്ടാകാമെന്നാണ് സൂചനകള്‍.തദ്ദേശീയരായ പക്ഷികള്‍ക്ക് പുറമെ ദേശാടന പക്ഷികളുടെ പറുദ്ദീസ് കൂടിയാണ് മാവൂര്‍. വടക്കെ ഇന്ത്യയിലുള്ള ഗോള്‍ഡണ്‍ ഓറിയോള്‍, പാരഡൈസ് ഫ്‌ളൈകാച്ചര്‍, ചാരത്തലയന്‍ മൈന തുടങ്ങിയവയും യൂറോപ്പില്‍നിന്നും മധ്യേഷ്യയില്‍നിന്നുമുള്ള ഷോര്‍ബേഡ്‌സ്, വാത്തുകള്‍, വാഗ്‌ടെയില്‍ തുടങ്ങിയ അപൂര്‍വ ഇനങ്ങളും ഈ തണ്ണീര്‍ത്തടങ്ങളില്‍ എത്തിചേരാറുണ്ട്.മാവൂര്‍ പഞ്ചായത്തില്‍ മൂന്നൂറ്് ഏക്കറിലധികം സ്ഥലത്ത് പരന്നുകിടക്കുന്ന തണ്ണീര്‍ത്തടം സംരക്ഷിക്കാനും കമ്യൂണിറ്റി റിസര്‍വാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും പദ്ധതികള്‍ ഇന്നും കടലാസില്‍ ഒതുങ്ങുകയാണ്.

Related posts

Leave a Comment