ഇന്ത്യയുടെ മുന്നറിയിപ്പുകൾക്ക് അവഗണന; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി

കൊളംബോ: ഇന്ത്യയുടെ മുന്നറിയിപ്പുകളെ പരിഗണിക്കാതെ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. ചൊവ്വാഴ്ച രാവിലെയാണ് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 ഹംബന്‍തോട്ട തുറമുഖത്തെത്തിയത്.കപ്പല്‍ വരുന്നതിനെ ഇന്ത്യ മാത്രമല്ല യുഎസും ആശങ്ക അറിയിച്ചിരുന്നു.ഹംബന്‍തോട്ട തുറമുഖത്ത് ഓഗസ്റ്റ് 16 മുതല്‍ 22 വരെ നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പി.സില്‍വ പറഞ്ഞു.

ഓഗസ്റ്റ് 11നു കപ്പല്‍ ഹംബന്‍തോട്ടയില്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദം ചെലുത്തിയതോടെ കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5.

‘ചൈനീസ് കപ്പലിന്റെ വരവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും തടസ്സമാകുന്ന സംഭവവികാസങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നുണ്ട്.സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്’ റിപ്പോര്‍ട്ടുകളോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി നേരത്തേ പ്രതികരിച്ചതിങ്ങനെയാണ്.

കപ്പല്‍ വരുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്‌നലുകളുടെ നിരീക്ഷിക്കാനാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.750 കിലോമീറ്റര്‍ ആകാശ പരിധിയിലെ മുഴുവന്‍ സിഗ്‌നലുകളും ചൈനീസ് ചാരനു പിടിച്ചെടുക്കാന്‍ കഴിയുമെന്നതുകൊണ്ട് കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജന്‍സികള്‍. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണില്‍പ്പെടുമെന്നും പറയുന്നു.

Related posts

Leave a Comment