രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിലേക്ക് മാറ്റി ;ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റ് ഡിസംബറിൽ

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിനു വേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി
എല്ലാവർഷവും നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി ഡിസംബറിൽ ഇല്ല. ചലച്ചിത്രമേളയുടെ 26-ാം എഡിഷൻ ഇത്തവണ ഫെബ്രുവരി നാലുമുതൽ 11 വരെയാണ് നടക്കുക. കഴിഞ്ഞ തവണ പല ജില്ലകളിലായി നടത്തിയ ചലച്ചിത്രമേള വീണ്ടും തിരുവനന്തപുരത്ത് മാത്രമായി നടത്താനാണ് തീരുമാനം. പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ടുദിവസത്തെ പ്രദർശനമാണ് ഒരുക്കുന്നത്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി  ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  
അതേസമയം, കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോയ രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചിത്രമേള ഡിസംബറിൽ നടത്താൻ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍  തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളിലായാണ് ഡോക്യുമെന്ററി-ഷോർട്ട്ഫിലിം ഫെസ്റ്റ്. ഇത് കഴിഞ്ഞ ജൂലൈയിൽ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം വർധിച്ചതിനാൽ നീട്ടിവെയ്ക്കുകയായിരുന്നു. മേളയുടെ ഉദ്ഘാടനം ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി ഒന്നില്‍  ഡിസംബര്‍ ഒമ്പതിന് മുഖ്യമന്ത്രി നിര്‍വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും രണ്ട് ചലച്ചിത്ര മേളകളും നടത്തുകയെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് അറിയിച്ചു.

Related posts

Leave a Comment