അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കം ; ഹേമമാലിനിക്ക് പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം

പ്രത്യേക ലേഖകൻ

പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് ഗോവയിൽ തുടക്കമായി. വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും മുഖ്യാതിഥിയായ ഗോവ ഗവർണർ ശ്രീധരൻ പിള്ളയും ചേർന്ന് തിരി തെളിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. 2021-ലെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം നേടിയ നടിയും എം.പിയുമായ ഹേമ മാലിനിക്ക് ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണെന്നും അതിൽ അല്പം ഇഷ്ടം കൂടുതലുള്ളത് സീതാ ഓർ ഗീത, ഷോലെ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയാണെന്നും അവർ കൂട്ടിച്ചേർത്തു. ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂൺ ജോഷി ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ പുരസ്‌കാരം ഏറ്റുവാങ്ങി. ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസീസി, ഹംഗേറിയൻ സംവിധായകൻ ഇസ്തെവൻ സാബോയ് എന്നിവരെ സത്യജിത്ത് റേ ലൈഫ് അച്ചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു.
നടി ഖുശ്ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, രവി കൊട്ടാരക്കര, മധുർ ഭണ്ഡാർക്കർ, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. ചിത്രങ്ങൾ തിയേറ്ററിലും വെർച്വലായും പ്രദർശിപ്പിക്കുന്നുണ്ട്.
ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം. 73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്. സുവർണ മയൂര പുരസ്കാരത്തിനുള്ള മത്സര വിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. സത്യജിത്ത് റേയുടെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കും. നവംബർ 28 ന് മേളയ്ക്ക് സമാപനമാകും.

Related posts

Leave a Comment