തെറ്റു കണ്ടാല്‍ വിമര്‍ശിക്കും ; എല്ലാവരേയും സുഖിപ്പിക്കേണ്ടവര്‍ക്ക് നിലപാടില്ല: വി.ഡി സതീശന്‍

പാലക്കാട്: തെറ്റു കണ്ടാല്‍ വിമര്‍ശിക്കാനുള്ള നിലപാട് കോണ്‍ഗ്രസിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍ സി.പി.എമ്മിന് എന്തെങ്കിലും നിലപാട് ഉണ്ടോയെന്ന് വ്യക്തമല്ല. പാലാ ബിഷപിന്റെ നാര്‍ക്കോ ജിഹാദ് പരാമര്‍ശത്തില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ എന്താണ് പറയുന്നതെന്ന് ഇതുവരെ മനസ്സിലാകുന്നില്ല. എല്ലാവരേയും സുഖിപ്പിക്കേണ്ടവര്‍ക്ക് നിലപാടില്ല. സാമുദായിക സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ ഇടപെടാതെ വന്നതോടെ കോണ്‍ഗ്രസിന് മുന്‍കൈ എടുക്കേണ്ടിവന്നത്. താനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും വിവിധ സാമുദായിക നേതാക്കളെ മാറിമാറിക്കണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. കോണ്‍ഗ്രസ് ഇടപെട്ടതോടെ പ്രശ്‌നത്തില്‍ അയവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നര്‍ക്കോട്ടിക് ജിഹാദ് വിവാദം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നതാണ് ഉചിതമെന്നു തന്നെയാണ് തന്റെ അഭിപ്രായം.
നിലപാട് എടുക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് നോക്കാനാണ്. കൃത്യമായ പ്രതികരണമുണ്ടാകും. യു.ഡി.എഫിന് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ട്. സംഘര്‍ഷമുണ്ടാകുന്ന വിധത്തില്‍ പ്രസ്താവനയോ പ്രകടനമോ ചര്‍ച്ചയോ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളോ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

മതപരമായ ചിഹ്നങ്ങളെ കുറിച്ച്‌ പറയുമ്ബോള്‍ കൂടുതല്‍ തര്‍ക്കത്തിലേക്ക് പോകും. കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ എല്ലാവരും ഇടകലര്‍ന്നു ജീവിക്കുന്നവരാണ്. അവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകാന്‍ കുറെ ആളുകള്‍ ശ്രമിക്കുന്നുണ്ട.. അവരുടെ കെണിയില്‍ വീണുപോകാന്‍ പാടില്ലെന്നാണ് പറയുന്നത്.

സംഘപരിവാര്‍ അജണ്ട ഇതിനു പിന്നിലുണ്ട്. ഒരാള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ രണ്ട് ഐ.ഡികള്‍ ഉണ്ടാക്കി മസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധത പ്രചരിപ്പിക്കുകയാണ്.

ഇത് ഇങ്ങനെ തന്നെ പോകട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത് തടയുന്നതും സര്‍വമതയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

മന്ത്രി വാസവന്‍ പാലാ ബിഷപിനെ കാണുന്നതില്‍ എതിര്‍പ്പില്ല. ഒരു പ്രശ്‌നം പരിഹരിക്കാന്‍ നാളെ മുഖ്യമന്ത്രി പോയാലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തില്ല എന്ന അഭിപ്രായമാണ് തങ്ങള്‍ക്കുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related posts

Leave a Comment