ഇടുക്കി അണക്കെട്ട് തുറന്നു, സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ പുറത്തേക്ക്, വൈകുന്നേരത്തോടെ വെള്ളം ആലുവയിൽ

ഇടുക്കി: ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ചെറുതോണി‌ അണക്കെട്ട് തുറന്നു. മൂന്ന്, രണ്ട്, നാല് ഷട്ടറുകളാണ് തുറന്നത്. മൂന്നു ഷട്ടറുകളിലും കൂടി ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുക. ഒരു ഷട്ടറിൽ കൂടി 35,000 ലിറ്റർ വെള്ളമാണ് ഒഴുകുന്നത്. 2018ലെ പ്രളയകാലത്ത് സെക്കൻഡിൽ 16 ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്. അന്ന് ആറ് ഷട്ടറുകളും തുറന്നിരുന്നു. ഇപ്പോൾ പകുതി മാത്രമാണ് തുറന്നത്.
2,308.04 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ഇത് 2,395 അടിയിലേക്കു കുറയ്ക്കുക എന്നതാണ് ലക്ഷ്യം. 2,403 അടിയാണ് പരമാവധി ശേഷി.
ചരിത്രത്തിൽ അഞ്ചാം തവണയാണ് അണക്കെട്ടു തുറക്കുന്നത്. 1981,92, 2018 ഓ​ഗസ്റ്റ്, ഒക്റ്റോബർ എന്നിങ്ങനെയാണ് ഇതുവരെ തുറന്നത്.
മൂന്ന് സൈറണുകൾ മുഴക്കിയ ശേഷമാണ് ഷട്ടറുകൾ ഉയർത്താൻ തുടങ്ങിയത്. രാവിലെ 10.55 ന് ആദ്യ സൈറൺ മുഴക്കി. 15 മിനിറ്റ് കൊണ്ട് മൂന്ന് ഷട്ടറുകൾ തുറന്നു. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടറുകൾ തുറന്നത്.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും. നിലവിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് അധികൃതർ. 222 പേരേ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment