അവനോടു ഞാന്‍ ക്ഷമിച്ചു, ഇല്ലായിരുന്നെങ്കില്‍..

ന്യൂഡല്‍ഹിഃ അവനോടു ഞാന്‍ ക്ഷമിച്ചു. ഇല്ലായിരുന്നെങ്കില്‍ പിന്നീടുള്ള മത്സരങ്ങളില്‍ അവനുണ്ടാകുമായിരുന്നില്ല. വെങ്കല മെഡല്‍ കിട്ടുമായിരുന്നില്ല. ക്ഷമയാണ് ഗോദയില്‍ ഗുസ്തിക്കാരന്‍റെ ഏറ്റവും വലിയ കരുത്ത്. ഗോദയിലിറങ്ങിയാല്‍ ആരും വലിയവരല്ല, ചെറിയവരുമല്ല. സമന്മാര്‍. ഒരാള്‍ ക്ഷമ ചോദിച്ചാല്‍ ക്ഷമിക്കാന്‍ മറ്റേയാള്‍ തയാറാകണം.

ടോക്കിയോ ഒളിംപിക് സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയയുടേതാണു വാക്കുകള്‍. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോക്കിയോ ഒളിംപിക്സില്‍ 57 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി മത്സരത്തിനിടെ, ഖസാഖിസ്ഥാന്‍ താരം നൂറിസ്ലാം സനവേവ് രവികുമാറിന്‍റെ വലതു കൈയില്‍ കടിച്ചു മുറിവേല്പിച്ചിരുന്നു. സാരമായി പരുക്കേറ്റെങ്കിലും വലതുകാലിട്ട് സനവേവിനെ പൂട്ടി, രവികുമാര്‍ മലര്‍ത്തിയടിച്ചാണു ഫൈനലില്‍ കടന്നത്.

മനഃപൂര്‍വമായിരുന്നു സനവേവിന്‍റെ ആക്രമണം. എന്നാല്‍ പിറ്റേദിവസം രാവിലെ തന്നെ സമീപിച്ചു അയാള്‍ ക്ഷമ പറഞ്ഞു. അതുകൊണ്ടാണ് ഒളിംപിക് കമ്മിറ്റിക്കു പരാതി നല്‍കാതിരുന്നത്. പരാതി നല്‍കിയിരുന്നെങ്കില്‍ ഒളിംപിക്സ് മത്സരങ്ങളില്‍ നിന്ന് അയാളെ വിലക്കുമായിരുന്നു. എന്നാല്‍ പരാതി നല്കാതിരുന്നതു മൂലം അയാള്‍ക്ക് വെങ്കലമെഡലിനു വേണ്ടി പോരാടാനും വിജയിക്കാനും കഴിഞ്ഞു. ക്ഷമിക്കാനുള്ള പാഠം തന്‍റെ ഗുസ്തി ഗോദയില്‍ നിന്നാണു പരിശീലിച്ചതെന്നും രവികുമാര്‍ ദഹിയ പറഞ്ഞു.

Related posts

Leave a Comment