‘എന്നെ അടിച്ചമർത്തുന്നു- ട്രോളുകളും കമന്റുകളും നിരോധിക്കണം , പിണറായി സാർ വിചാരിച്ചാൽ നടക്കും’ ; ​ഗായത്രി സുരേഷ്

കേരളത്തിൽ ട്രോളുകളും സോഷ്യൽ മീഡിയ കമൻറുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇൻസ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമർത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു. “എന്തൊക്കെ പറഞ്ഞാലും ട്രോളുകൾ അത്ര അടിപൊളിയല്ല. ആൾക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യൽ മീഡിയ തുറന്നാൽ മുഴുവൻ ട്രോളുകളും വൃത്തികെട്ട കമൻറുകളുമാണ്. അടിച്ചമർത്തലാണ് നടക്കുന്നത്. അടിച്ചമർത്തുന്ന ജനതയെയല്ല നമുക്ക് വേണ്ടത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണ് നമുക്ക് വേണ്ടത്”- ഗായത്രി പറഞ്ഞു.

താൻ ദിലീപേട്ടൻറെ വീട്ടിൽ പോയി കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ പോവുകയാണെന്ന് രണ്ട് യു ട്യൂബ് ചാനലുകൾ വ്യാജപ്രചാരണം നടത്തിയെന്നും ഗായത്രി സുരേഷ് പറഞ്ഞു. ദിലീപേട്ടൻറെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്ക് വ്യക്തിപരമായി ദിലീപേട്ടനെയും കാവ്യ ചേച്ചിയെയും അറിയുക പോലുമില്ലെന്നും ഗായത്രി പറഞ്ഞു. ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് വയലൻസ് ആണെന്നും ഗായത്രി ചൂണ്ടിക്കാട്ടി. പിന്നാലെയാണ് ട്രോളുകളും കമൻറുകളും നിരോധിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ഗായത്രി മുന്നോട്ടുവെച്ചത്. “എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സാറിന്റെ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? അല്ല എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ട്രോൾ വരും. പിന്നെ കമൻറ് വരും. കമൻറുകൾ ആളുകളുടെ മെൻറൽ ഹെൽത്തിനെ ബാധിക്കുകയാണ്. അതായത് നിങ്ങൾ കാരണം ഒരാൾ മെൻറലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. സാറിന് പറ്റുമെങ്കിൽ നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്, എലിയെയാണ് ചുടേണ്ടത്. എല്ലായിടത്തെയും കമൻറ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. എന്നെ അത്രമാത്രം അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ പറയാനുള്ളത് പറയും. നമ്മൾ മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഇവരെ ഇങ്ങനെ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്”- ഗായത്രി പറഞ്ഞു.

Related posts

Leave a Comment