ഷഹീന്‍ ചുഴലിക്കാറ്റ് 12 മണിക്കൂറിനകം തീവ്രമാകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച്‌ ഷഹീൻ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിന് പുറമേ പശ്ചിമബംഗാൾ, തമിഴ്നാട്, സിക്കിം, കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിലാണ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്.

അതേസമയം ഒക്ടോബർ 5 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ശനിയാഴ്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒക്ടോബർ 4ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒക്ടോബർ 5ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.

Related posts

Leave a Comment