കാശ്മീരിൽ ഹുറിയത്ത് കോൺഫറൻസിന്റെ എല്ലാ വിഭാഗങ്ങളെയും നിരോധിക്കാൻ തീരുമാനം

ശ്രീനഗർ : കശ്മീരി വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസിന്റെ എല്ലാ വിഭാഗങ്ങളെയും “നിയമവിരുദ്ധ സംഘടന” ആയി പ്രഖ്യാപിക്കാനും, നിരോധിക്കാനും മോദി സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ജമ്മു കാശ്മീരിൽ ഭീകരവാദികൾക്ക് ധനസഹായം നൽകുന്നതിൽ ഹുറിയത്ത് നേതാക്കൾക്ക് പങ്കുണ്ടെന്ന സൂചനകൾ ലഭിച്ചതിന് പിന്നാലെയാണ് സംഘടന യുഎപിഎ ചുമത്തി നിരോധിക്കാനുള്ള നീക്കം .

അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുറിയത്ത്, തെഹ്‌രീകെ-ഇ-ഹുറിയത്ത് എന്നിവയുൾപ്പെടെ ഹുറിയത്ത് കോൺഫറൻസിന്റെ എല്ലാ വിഭാഗങ്ങളെയും യുഎപിഎയുടെ സെക്ഷൻ 3(1) പ്രകാരം നിരോധിക്കുന്നതിനെക്കുറിച്ച്‌ വരും ദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും .

ഹുറിയത്തിനെ ‘നിയമവിരുദ്ധ സംഘടന’യായി പ്രഖ്യാപിക്കുന്നതിന് ജമ്മു കശ്മീർ സർക്കാരും എൻഐഎയും നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇതിൽ ചില അധിക രേഖകളും , വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹുറിയത്ത് സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും ഹുറിയത്ത് കോൺഫറൻസ് നിരോധിക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടലും, നിരവധി മുതിർന്ന നേതാക്കൾ ജയിലിലായതും സമീപ വർഷങ്ങളിൽ താഴ്‌വരയിലെ ഹുറിയത്ത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളിൽ വലിയ രീതിയിൽ ഇടിവ് സംഭവിക്കാൻ കാരണമായിട്ടുണ്ട്. ഹുറിയത്തിന്റെ നിരോധനം പൂർണ്ണമാകുന്നതോടെ താഴ്വരയിലെ ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുള്ള പ്രധാനമാർഗമാണ് അടയുന്നത്.

ഹുറിയത്ത് കോൺഫറൻസ് ഉപയോഗിച്ചതായി കരുതപ്പെടുന്ന തീവ്രവാദ ഫണ്ടിംഗ് റൂട്ടുകളടക്കം അന്വേഷണം ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പാകിസ്താനിലെ മെഡിക്കൽ സീറ്റുകൾ വിൽപ്പനയ്‌ക്ക് വച്ചും ഹുറിയത്ത് കോൺഫറൻസ് പണം ശേഖരിച്ചതായി കണ്ടെത്തിയിരുന്നു.

നിരോധനം ഏർപ്പെടുത്തിയാൽ ഹുറിയത്തിനും അതിന്റെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളും പൊളിച്ച്‌ മാറ്റേണ്ടി വരും. സംഘടനയെ നിരോധിക്കാനുള്ള തീരുമാനം ഔദ്യോഗിക ഗസറ്റിൽ അറിയിക്കുകയും , പിന്നാലെ ഒരു റിവ്യൂ കമ്മിറ്റി ഇത് സ്ഥിരീകരിക്കുകയും വേണം എന്നതാണ് നിരോധനത്തിന്റെ സുപ്രധാന നടപടി .അടുത്തിടെ കശ്മീർ ഗവൺമെന്റ് ഭീകരരെ ലക്ഷ്യമിട്ട് നിരവധി കടുത്ത നടപടികൾ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ അനുഭാവികൾ ആണെന്ന് കണ്ടെത്തിയവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ചിരുന്നുവെന്നതും കശ്മീർ പോലീസ് സ്ഥിരീകരിച്ചിരുന്നു . മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് പാക് അനുകൂല മുദ്രാവാക്യങ്ങളും മുഴങ്ങിക്കിയിരുന്നു.

Related posts

Leave a Comment