മുല്ലപ്പെരിയാർ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ഡീൻ കുര്യാക്കോസ് എംപി ഇന്നുമുതൽ ഉപവസിക്കും

ഇടുക്കി: പെരിയാർ തീരത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് ഇടുക്കി എംപിയും യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡീൻ കുര്യാക്കോസ് ഇന്നു മുതൽ ഉപവസിക്കും. നാളെ രാവിലെ പത്തു വരെയാണ് ഉപവാസ സമരം. ചെറുതോണിയിലാണ് ഉപവാസം അനുഷ്ഠിക്കുക. കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളുമായി ആയിരക്കണക്കിനാളുകൾ ഉപവാസ സമരത്തിൽ പങ്കാളികളാകും. യുഡിഎഫിലെ മറ്റ് ഘടകകക്ഷി പ്രവർത്തകരും പങ്കെടുക്കും.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാർ അലംഭവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നുമാണ് എംപിയുടെ ആവശ്യം. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭയിലും പുറത്തും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.
തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിൽപ്പോലും കേരളത്തിനു വീഴ്ച സംഭവിച്ചു. ഇതു മുതലാക്കിയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ നിന്നടക്കം അനുകൂല വിധി സമ്പാദിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ സിപിഎമ്മിൽപ്പോലും കടുത്ത ഭിന്നതയുണ്ട്. ബേബി ഡാം അണക്കെട്ട് ബലപ്പെടുത്തി, പ്രധാന അണക്കെട്ടിൽ 152 അടി വെള്ളം സംഭരിക്കാനാണ് തമിഴ്നാടിന്റെ നീക്കം. അതിന് അനുകൂലമായ നടപടികളുടെ ഭാ​ഗമാണ് ബേബി ഡാം പ്രദേശത്തെ 20 വൻമരങ്ങൾ മുറിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. എന്നാൽ‌ ഈ അനുമതിയുടെ പേരിൽ അജ്ഞത നടിച്ച സംസ്ഥാന വനം-ജലവിഭവമന്ത്രിമാരും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

Related posts

Leave a Comment