പ്ലസ് വൺ സീറ്റിൽ വൻ കുറവ്; സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാനിടയില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തി. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂളുകളിൽ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കാത്ത സർക്കാർ നടപടി മൂലം ഫുൾ എ പ്ലസ് നേടിയവർ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഇഷ്ട വിഷയം തെരഞ്ഞെടുക്കാനാവാതെ വിദ്യാഭ്യാസം പ്രതിസന്ധിയിലാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എം.കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്ലസ് വണിൽ ഇക്കുറി 26,481 സീറ്റുകള്‍ കുറവുണ്ടെന്ന് സഭയിൽ തുറന്നു സമ്മതിച്ചു. മലപ്പുറത്തുള്‍പ്പെടെ ചില ജില്ലകളില്‍ സീറ്റ് കുറവാണ്. എന്നാൽ, ചില ജില്ലകളില്‍ സീറ്റ് ഒഴിവുമുണ്ട്. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്നുള്ള മന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്ത പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മാർജിനൽ സീറ്റ് ഉയർത്തി പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ മറുപടി സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങളെ തളർത്തുന്ന തമാശ നല്ലതല്ലെന്ന് പറയുന്ന മന്ത്രി തന്നെയാണ് അവർക്ക് ഉപരിപഠനത്തിന് പ്രവേശനം സാധ്യമാകുന്ന നടപടികൾ സ്വീകരിക്കാതെ കുഞ്ഞുങ്ങളെ തളർത്തുന്നത്. ഓരോ ജില്ലയിലെയും സീറ്റുകളുടെയും ജയിച്ച കുട്ടികളുടെയും കണക്ക് ശേഖരിച്ച് പ്രവേശന നടപടികൾ സുതാര്യമാക്കുന്നതിന് പകരം വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന സമീപനമാണ് സർക്കാർ തുടരുന്നത്. അഡ്മിഷൻ ഉറപ്പാക്കുമെന്ന മന്ത്രിയുടെ വാദം പൊള്ളയാണ്. കാസർകോടുള്ള കുട്ടികൾ തിരുവനന്തപുരം ജില്ലയിൽ വന്ന് പഠിക്കണമെന്ന് പറഞ്ഞാൽ അത് പ്രായോഗികമാണോയെന്നും അതാത് പ്രദേശങ്ങളിൽ പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും മുനീർ ആവശ്യപ്പെട്ടു. മന്ത്രി പറയുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണ്. കുട്ടികളുടെ തുടര്‍ പഠനത്തിന്റെ ചിറകരിയരുത്. പ്ലസ് വണിന് അഡ്മിഷൻ ലഭിക്കാത്തവർ പോളിടെക്നിക്കിലും ഐടിഐയിലും വിഎച്ച്എസ്ഇയിലും പോകട്ടെയെന്ന മന്ത്രിയുടെ നിലപാട് ശരിയല്ല. ഏത് വിഷയമാണ് പഠിക്കേണ്ടത് എന്നത് വിദ്യാർത്ഥികളുടെ തീരുമാനമാണ്. 75,000-ത്തോളം കുട്ടികൾക്ക് കഴിഞ്ഞ തവണ ഓപ്പൺ സ്കൂളിൽ പഠിക്കേണ്ടിവന്നു. ഇക്കുറി ആ സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാർ പ്രഖ്യാപിച്ച പ്ലസ് വൺ സീറ്റ് വർദ്ധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് മന്ത്രി സമ്മതിച്ചു. ആദ്യത്തെയും രണ്ടാമത്തെയും അലോട്ട്മെന്റിന് ശേഷം സംവിധാനങ്ങൾ ഒരുക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സീറ്റല്ല, ബാച്ചാണ് കൂട്ടേണ്ടതെന്നും പ്രശ്നം തീർക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും ആരോപിച്ച് പ്രതിപക്ഷം ഒടുവിൽ നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Related posts

Leave a Comment