‘കന്നിമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും’ ; തൃശൂരിൽ കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായക്ക് വിവാഹം

തൃശൂർ: കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ വിവാഹം. തൃശൂർ പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി അലങ്കരിച്ച കതിർമണ്ഡപത്തിലായിരുന്നു ഈ വേറിട്ട ചടങ്ങ്. 50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വധൂവരന്മാരുടെ ഇഷ്ട ഭക്ഷണമായ ചിക്കൻ ബിരിയാണിയും ഫ്രൈയുമായിരുന്നു വിവാഹഭക്ഷണം.

ബീഗിൾ ഇനത്തിൽപ്പെട്ട ആക്സിഡ് എന്ന വരന് ഒന്നര വയസുകാരിയായ ജാൻവിയാണ് വധു ആയത്. വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലി നഷി ദമ്പതികളുടെ വളർത്തു നായയാണ് ആക്സിഡ്. ഷെല്ലി നഷി ദമ്പതികൾക്ക് ആകാശ് അർജുൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ്. വളർത്തുനായ ആക്സിഡിനെ മൂന്നാമത്തെ മകനായാണ് ദമ്പതികൾ കണ്ടിരുന്നത്. ആക്സിഡിന് കൂട്ടു വേണമെന്ന് ദമ്പതികളുടെ ആഗ്രഹത്തിന് മക്കൾ പിന്തുണ നൽകുകയായിരുന്നു. പുന്നയൂർക്കുളത്തു നിന്നായിരുന്നു വധുവിനെ കണ്ടുപിടിച്ചത്. നായകളുടെ വിവാഹത്തിന് ഉത്തമമായ കന്നി മാസം തെരഞ്ഞെടുത്തു. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു ശുഭ മുഹൂർത്തം. സിൽക് ഷർട്ടും മുണ്ടുമായിരുന്നു ആക്സിഡിന്റെ വേഷം. കസവിൽ നെയ്ത പട്ടുപാവാടയായിരുന്നു ജാൻവിയ്ക്ക്. സാധാരണ വിവാഹ ചടങ്ങുകൾപോലെ തന്നെയായിരുന്നു നായകളുടെ വിവാഹവും.മിന്നുകെട്ടലിന് ശേഷം കേക്ക് മുറിക്കലും വിവാഹ സദ്യയും ഉൾപ്പെടെ ആഘോഷങ്ങൾ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏൽപിച്ചു. വിവാഹ വിരുന്നിന് സാക്ഷ്യം വഹിക്കാൻ സുഹൃത്തുക്കളുടെ വളർത്തുനായകളേയും കൊണ്ടുവന്നിരുന്നു. ഭക്ഷണത്തിനു ശേഷം ഇരുവരും വരന്റെ വീടായ വാടാനപ്പിള്ളിയിലേക്ക് പോയി.സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടും, വിവാഹ വസ്ത്രങ്ങൾ വാങ്ങലുമെല്ലാം ഉൾപ്പെടെ ഗംഭീരമായ മുന്നൊരുക്കങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി നടത്തിയത്. ഷെല്ലിയുടെ മക്കളായ ആകാശും അർജുനും പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Related posts

Leave a Comment