ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ലഭിച്ചതെങ്ങനെ ? ; അനധികൃത ദത്തിന് കൂട്ടുനിന്നവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ണായകം


തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവര്‍ക്കെതിരെ എന്തുനടപടിയെടുക്കുമെന്നത് നിര്‍ണായകമാകുകയാണ്. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ലഭിച്ചതെങ്ങനെ, കുഞ്ഞിനെ എത്ര ദിവസം സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു, ദത്ത് നല്‍കിയതിന്റെ നടപടി ക്രമങ്ങള്‍, സംസ്ഥാനത്തിന് പുറത്ത് ദത്ത് നല്‍കാന്‍ ശിശുക്ഷേമ സമിതിക്കുള്ള ലൈസന്‍സ് പുതുക്കിയോയെന്നതടക്കം വിശദമായ റിപ്പോര്‍ട്ട് ഈ മാസം മുപ്പതിന് തിരുവനന്തപുരം കുടുംബകോടതിയില്‍ സമര്‍പ്പിക്കണമെന്നിരിക്കെ ഓരോ വിഷയങ്ങളിലും ശിശുക്ഷേമ സമിതിയെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമായിരിക്കും. കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. അനുപമയുടെ പരാതി കിട്ടിയിട്ടും പൊലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്റെ നടപടിയില്‍ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്. ഒക്ടോബര്‍ 14ന് സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനുശേഷവും 16ന് കുടുംബകോടതിയില്‍ നടന്ന സിറ്റിംഗില്‍ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. അനധികൃത ദത്തുന്നയിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. തന്നില്‍ നിന്നും കുഞ്ഞിനെ മാറ്റിയവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ പറഞ്ഞു.

Related posts

Leave a Comment