അനുപമയുടെ കുട്ടി എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തി?: കോടതി

തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത് മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകിയ സംഭവത്തിൽ കോടതിയുടെ ഇടപെടൽ. അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ 20 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ വഞ്ചിയൂർ കുടുംബകോടതി ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 20 ലേക്ക് മാറ്റി. കുട്ടി എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തി എന്ന കാര്യമാണ് സത്യവാങ്മൂലത്തിൽ പറയേണ്ടത്. സർക്കാർ നേരത്തേ ആവശ്യപ്പെട്ടതനുസരിച്ച്, ഡിഎൻഎ പരിശോധനാ ഫലവും ഇതിനോടൊപ്പം സമർപ്പിക്കണം.
തുടർനടപടികൾ മുദ്രവച്ച കവറിൽ നൽകണമെന്ന് കോടതി കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഇതിനു കൂടുതൽ സമയം ചോദിച്ചു. കുട്ടിയുടെ കാര്യത്തിൽ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന മാതാവ് അനുപമ എസ്. ചന്ദ്രന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും വാദത്തിനെടുത്തില്ല. മറ്റു കാര്യങ്ങളിൽ വ്യക്തത വന്നശേഷമേ ഹർജി പരിഗണിക്കൂ. ദത്തു നടപടികളിൽ അന്തിമ വിധി പറയുന്നത് കോടതി നിർത്തിവച്ചിരിക്കുകയാണ്. അനുപമയുടെ പരാതിയിൽ സർക്കാർ അന്വേഷണം പൂർത്തിയായശേഷമേ വിധിപറയൂ. അതേസമയം, അനുവാദമില്ലാതെ ദത്ത് നൽകിയെന്ന കേസിൽ കുഞ്ഞിനെ വിട്ടുനൽകാൻ അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ ഹാജരാക്കാൻ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഹർജിയാണ് സമർപ്പിച്ചത്. കേസിൽ അനുപമയുടെ അമ്മയും അച്ഛനും എതിർ കക്ഷികളാണ്.

Related posts

Leave a Comment