വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


സുല്‍ത്താന്‍ബത്തേരി: വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നംപറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു(29)വിനെയാണ് അമ്പവലയവയല്‍ മഞ്ഞപ്പാറയിലെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ സമീപവാസിയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് എ.എസ്.പി അജിത്കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നി, അമ്പലവയല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും, വിരലയടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുനിന്നും യുവതിയുടെ ബാഗും ചെരുപ്പും ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടില്ല. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ കുര്യന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്ന് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നി പറഞ്ഞു. മടക്കിമലയിലുള്ള തന്റെ അമ്മക്ക് സുഖമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാന്‍ കൂട്ടുപോകുകയാണെന്ന് പറഞ്ഞ് മഞ്ജു ഞായറാഴ്ചയാണ് ഭര്‍ത്യവീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് കോഴിക്കോട് എത്തിയെന്നും ഇവിടെ റൂമെടത്ത് താമസിക്കുകയാണെന്നും തിങ്കളാഴ്ച അമ്മയെ ഡോക്ടറെ കാണിക്കുമെന്നും പറഞ്ഞ് മഞ്ജു ഭര്‍ത്താവിനെ ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാച ഉച്ചയോടെ കോഴിക്കോട് നിന്നും മടങ്ങുകയാണന്ന് അറിയിച്ചും ഫോണ്‍ വിളിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ മഞ്ജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വിവരം ബന്ധു സതീഷ്‌കുമാറിനെ അറിയിച്ചു. തുടര്‍ന്നാണ് സതീഷ്‌കുമാര്‍ മേപ്പാടി പൊലിസ് സ്റ്റേഷനില്‍ മഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മഞ്ജുവിനെ മഞ്ഞപ്പാറിയിലെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം തിങ്കളാഴ്ച ഏറെ വൈകി മഞ്ഞപ്പാറ ക്വാറി വളവില്‍ മഞ്ജു നില്‍ക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. വൈഗ, വേദിക എന്നിവരാണ് മഞ്ജുവിന്റെ മക്കള്‍.

Related posts

Leave a Comment