ശക്തമായ മഴയിൽ കൊറ്റമത്ത് വീട് തകർന്ന് വീണു, ആളപായമില്ല; റോജി എം ജോൺ എം. എൽ. എ സ്ഥലം സന്ദർശിച്ചു

കാലടി: ശനിയാഴ്ച രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പതിനാലാം വാർഡ് കൊറ്റമം ശാന്തിപുരത്ത് പരേതനായ കോയിക്കര വർഗ്ഗീസിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നു വീണത്. ഭാര്യയും മകനും പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ട് സെൻ്റ് സ്ഥലത്ത് പണിത ചെറിയ വീട്ടിൽ താമസിക്കുന്ന ദരിദ്ര കുടുംബത്തിനാണ് ഈ ദുരന്തം വന്നിരിക്കുന്നത്. കൂലി പണിക്കാരനായിരുന്ന വർഗ്ഗീസ് രണ്ട് മാസങ്ങൾക്ക് മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഭാര്യ റെജീനയും, മകൻ സനൽ,മകൾ സിൽജി എന്നിവരടങ്ങുന്ന ചെറിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വർഗ്ഗീസ്.ഇദ്ദേഹത്തിന്റെ മരണത്തോടെ കുടുംബഭാരം മകൻ സനലിന്റെ ചുമലിലായി. ഇപ്പോൾ മകൻ വയറിംങ്ങ് ജോലിക്ക് പോയാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഈ കഷ്ടപ്പാടുകൾക്കിടയിലാണ് തീരെ സൗകര്യം കുറഞ്ഞ വീടിന്റെ മുകളിൽ മുറിയെടുക്കാൻ തീരുമാനിച്ചത്. മുകൾഭാഗത്തെ വാർക്ക കഴിഞ്ഞു മറ്റ് ജോലികൾ ഇന്ന് ആരംഭിക്കയ്ക്കാനിരിക്കെയാണ് മഴയുടെ ദുരന്തം കുടുംബത്തിനു മേൽ വന്ന് ഭവിച്ചത്. ഈ ദുരിതകയത്തിൽ നിന്ന് എങ്ങനെ കരകയറും എന്ന ആധിയിലാണ് വിധവയായ റെജിനയും മക്കളും. ഇവരുടെ വീടിനോട് ചേർന്നുള്ള ഞാറ്റുംപ്പെട്ടി ഞ്ഞാലിൽ പരേതനായ നീലകണ്ഠന്റെ വീടിനും കേടുപാടുകൾ സംഭവിച്ചു.

റോജി എം ജോൺ എം എൽ എ, പഞ്ചായത്ത് പ്രസിഡൻറ് സെബി കിടങ്ങേൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ വിൽസൻ കോയിക്കര, ജോയി അവോക്കാരാൻ, ബിജു പള്ളിപ്പാടൻ, മിനി സേവ്യർ , ആനി ജോസ്, വിജി റെജി, സതി ഷാജി, എന്നിവർ തകർന്ന് വീടും സ്ഥലവും സന്ദർശിച്ചു.

Related posts

Leave a Comment