പൊലീസ് മന്ത്രി പാർട്ടി സമ്മേളനത്തിൽ, ഇന്റലിജൻസ് സംവിധാനം നിശ്ചലം, ചോരയിൽ മുങ്ങി കേരളം

കൊച്ചി: സംസ്ഥാന പൊലീസിലെ ഇന്റലിജൻസ് വീഴ്ചയും ആഭ്യന്തര വകുപ്പിലെ നാഥനില്ലായ്മയും മുഖ്യമന്ത്രിയുടെ പാർട്ടി സമ്മേളനങ്ങളും ചേർന്ന് കേരളത്തിന്റെ ക്രമസമാധാന നില അപ്പാടെ തച്ചു തകർത്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ഓരോ ദിവസവും പുറത്തുവരുന്ന കൊലപാതക വാർത്തൾ കേരളത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്. നിഷ്ഠുരങ്ങളായ കൊലപാതകങ്ങളെക്കുറിച്ചുള്ള യാതൊരു മുന്നറിയിപ്പുകളും കിട്ടാതെ പൊലീസ് ഇരുട്ടത്താണ്. പൊലീസ് സംവിധാനങ്ങൾ ഓരോ ദിവസവും പരിശോധിക്കേണ്ട ആഭ്യന്തര മന്ത്രി ഏതാണ്ട് രണ്ടാഴ്ചയായി പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺ​ഗ്രസിനു ശേഷം മാത്രമേ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ തോതിൽ സംസ്ഥാന ഭരണത്തിൽ തിരിച്ചെത്തൂ. അതിനുള്ളിൽ കേരളം ചോരക്കളമാകുമെന്ന ആശങ്കയിലാണു ജനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ മൂന്ന് അരുകൊലപാതകങ്ങളാണു സംസ്ഥാനത്തു നടന്നത്. മൂന്നും പ്രണയത്തിന്റെ പേരിലുണ്ടായ‌, രക്തം മരവിപ്പിക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തു മൂന്ന് രാഷ്‌ട്രീയകൊലപാതകങ്ങളാണു നടന്നത്. ​ഗൂണ്ടാ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു.
വിവിധ ജില്ലകളിൽ നടക്കുന്ന പാർട്ടി സമ്മേളങ്ങളിൽ മുഴുവൻ സമയവും പങ്കെടുക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റുമാണ് സംസ്ഥാന പൊലീസ് സംവിധാനങ്ങളെല്ലാം. സെഡ് പ്ലസ് കാറ്റ​ഗറി സുരക്ഷയിൽ വിവിധ ജില്ലകളിൽ താമസിക്കുന്ന മുഖ്യമന്ത്രിയുടെ പിന്നാലെയാണ് സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് സംവിധാനങ്ങളെല്ലാം. മുതിർന്ന ഉദ്യോ​ഗസ്ഥരും ഈ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ സംസ്ഥാനത്തിന്റെ പൊതു ക്രമസമാധാന നില അപ്പാടെ തക‍ർന്നു. മിക്ക സ്ഥലങ്ങളിലും ​ഗൂണ്ടാരാജാണ്.
ഭരണ സിരാകേന്ദ്രമായ തിരുവന്തപുരത്താണ് ​ഗൂണ്ടാ വിളയാട്ടവും കൊലപാതകങ്ങളും ഏറ്റവും കൂടുതൽ നടക്കുന്നത്.

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം

പേട്ട റെയിൽവേസ്റ്റേഷനു സമീപം ഇക്കഴിഞ്ഞ രാത്രി ഉണ്ടായ കൊലപാ‌തകത്തിന്റെ ഞെട്ടലിലാണ് തലസ്ഥാനം. മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊന്ന വാർത്ത കേട്ടാണ് ഇന്നു തലസ്ഥാന ന​ഗരം ഉറക്കമുണർന്നത്. പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. ബികോം വിദ്യാർത്ഥിയാണ് അനീഷ് ജോർജ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
പെൺകുട്ടിയുടെ പിതാവ് ലോലൻ എന്നയാണ് പ്രതി. മകളുടെ മുറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ രാത്രി കണ്ടതാണ് കൊലപാതകത്തിനു കാരണമെന്നാണ് ലോലൻ പൊലീസിനോടു പറയുന്നത്. എന്നാൽ ഇതു പൂർ‌ണമായി പൊലീസ് വിശ്വസിക്കുന്നില്ല. വ്യക്തിവൈരാ​ഗ്യമോ പൂർവ വൈരാ​ഗ്യമോ ആണു കാരണമെന്നാണ് സംശയം. തലസ്ഥാന ന​ഗരത്തിനുള്ളിൽ ആർക്കും കൊലപാതകം നടത്തി സുരക്ഷിതമായി രക്ഷപ്പെടാമെന്നാണ് അനീഷ് ജോർജിന്റെ കലപാതകത്തിലൂടെ തെളിയിക്കുന്നത്. ലോലൻ സ്വയം കീഴടങ്ങിയിരുന്നില്ലെങ്കിൽ പൊലീസ് പ്രതിക്കു വേണ്ടി ഇപ്പോഴും അലയേണ്ടി വരുമായിരുന്നു.

പറവൂരിൽ തീപിടിച്ച വീടിന്റെ ഭാഗം

പറവൂരിൽ ചേച്ചിയെ കൊലപ്പെടുത്തി അനുജത്തി മുങ്ങിയതും പൊലീസ് കണ്ടില്ല

വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒളിവിൽ പോയത് ഇളയ സഹോദരിയെന്ന് ഉറപ്പിച്ച് പൊലീസ്. മരിച്ചത് വീട്ടിലെ മൂത്ത പെൺകുട്ടി വിസ്മയയാണ് എന്നാണ് പൊലീസ് നി​ഗമനം. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് അറിയിച്ച പൊലീസ്, ഇളയ പെൺകുട്ടിക്ക് വേണ്ടി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയാണെന്നും പറഞ്ഞു.
ഇളയ പെൺകുട്ടി ജിത്തു, പ്രണയം എതിർത്തതിനെ തുടർന്ന് വിസ്മയയെ കൊലപ്പെടുത്തിയതാന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പക്ഷേ, കൊലക്കേസിലെ പ്രതിക്ക് വളരെ പെട്ടെന്ന് സംഭവ സ്ഥലം വിട്ടുപോകാനായി എന്നതാണ് പൊലീസിനു തലവേദനയായത്.
ഇന്നലെയാണ് പറവൂരിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിറകെ ഇരട്ട സഹോദരിമാരിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. സഹോദരിയെ കൊലപ്പെടുത്തി ഇരട്ട സഹോദരി രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പെരുവാരം അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ , ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കിയിരുന്നു. മൂന്ന് മണിയോടെ വീടിനകത്ത് നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

അമ്മയെ കയറിപ്പിടിച്ചയാളെ കൊന്നു കാൽ വെട്ടിമാറ്റി, പൊലീസ് അറിഞ്ഞത് പ്രതികൾ പറഞ്ഞപ്പോൾ

മാതാവിനെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച വയോധികനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൊലപ്പെടുത്തി ചാക്കിലാക്കി കിണറ്റിൽ തള്ളിയതാണ് ഈ ദിവസം കേരളത്തെ നടുക്കിയ മറ്റൊരു സംഭവം. വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആയിരംകൊല്ലിയിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആയിരംകൊല്ലി മണ്ണിൽതൊടിക മുഹമ്മദാ(65)ണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഒരു കാൽ വെട്ടിയെടുത്ത് മണിക്കൂറുകൾ വൈകി, ഓട്ടോറിക്ഷയിൽ കയറ്റി പൊതു സ്ഥലത്ത് ഉപേക്ഷിച്ചിട്ടു പോലും പൊലീസ് വിവരമറിഞ്ഞില്ല. അമ്മയും മക്കളും അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്.
പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടികളല്ല, മരിച്ചയാളുടെ ഭാര്യയുടെ സഹോദരനും പ്രതികളുടെ സഹോദരനുമടങ്ങിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യഥാർഥ പ്രതികൾക്കു വേണ്ടി തെരച്ചിൽ നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.

എവിടെയും ആസൂത്രണം, എങ്ങനെയും ആക്രമണം

കേരളത്തിൽ ആക്രമണം നടത്തി ഒരാളെ കൊലപ്പെടുത്താൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. പ്രതികളുടെ ​ഗൂണ്ടാ പശ്ചാത്തലവും മയക്കുമരുന്ന്-മദ്യം ഉപയോ​ഗവും അത്രമാത്രം ആഴത്തിലുള്ളതാണ്. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ ആർക്കും ആരെയും ആക്രമിക്കാവുന്ന തരത്തിലേക്ക് കേരളത്തിന്റെ ​ഗൂണ്ടാസംഘം വളർന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഒരു പെട്രോൾ പമ്പിലുണ്ടായ ആക്രമണം ഉദാഹരണം. പെട്രോൾ പമ്പിലെത്തിയ യുവാവ് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് തടഞ്ഞതിനാണ് ഒരു സംഘം ​ഗൂണ്ടകളെത്തി പമ്പിലെ ജീവനക്കാരെ അതീവ ​ഗുരുതരമായി പരുക്കേല്പിച്ചത്. ഏതാനും ദിവസം മുൻപ് പോത്തൻകോട്ടും ഒരച്ഛനെയും മകളെയും ​ഗൂണ്ടകൾ ആക്രമിച്ചിരുന്നു. തലസ്ഥാന ന​ഗരത്തിൽ ഒരു സ്വർണ വ്യാപാരിയെ ആക്രമിച്ചു 100 പവൻ സ്വർണം കവർന്ന കേസിലെ പ്രതികളാണ് ഇവിടെ അച്ഛനെയും മകളെയും ആക്രമിച്ചത്.

ഇരട്ടക്കൊലക്കേസിലെ പ്രതികൾ ഇരുട്ടിൽത്തന്നെ

ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലക്കേസിലെ പ്രതികളെ എല്ലാവരെയും ഇനിയും പിടികൂ‌ടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പല പ്രധാന പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ ഘാതകരെയാണ് കൂടുതലും പിടികിട്ടാനുള്ളത്. എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ ഇന്നത ഇടപെടലുകളിലൂടെ പ്രതികളെ സുരക്ഷിതമായി അയൽ സംസ്ഥാനങ്ങളിലേക്കു കടത്താൻ കേരള പൊലീസിലെ തന്നെ ചില ഉന്നതരുടെ സഹായം കിട്ടിയെന്ന ആരോപണവും ശക്തമാണ്.
തിരുവല്ലയിലെ സന്ദീപ് വധക്കേസിനെക്കുറിച്ചും പാലക്കാട്ടെ സഞ്ജിത് വധക്കേസിന്റെ അന്വേഷണത്തിലും പൊലീസിനു വലിയ വീഴ്ച പറ്റിയിരുന്നു. സന്ദീപ് വധക്കേസ് രാഷ്‌ട്രീയ കൊലക്കേസാക്കി മാറ്റാൻ സിപിഎം സംസഥാന സെക്രട്ടറി അടക്കമുള്ളവർ ഇടപെട്ടു എന്നാണ് ആക്ഷേപം. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിനു പട്ടാപ്പകൽ തന്നെ സംസ്ഥാനം വിട്ടു പോകാൻ അവസരം കിട്ടിയതും വിവാദമായിരുന്നു.
സംസ്ഥാന പൊലീസിലെ ഇന്റലിജൻസ് വീഴ്ചകളാണ് അതിക്രമങ്ങൾ വർധിക്കാൻ ഒരു കാരണമെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്ത് മുൻപൊരിക്കലും ഉണ്ടാകാത്ത വിധത്തിൽ വർ​ഗീയ ധ്രുവീകരണവും ഏറ്റുമുട്ടലുകളും പെരുകിയിട്ടും നിയന്ത്രിക്കുന്നതിനു സർക്കാരിനു കഴിയുന്നില്ല. സംസ്ഥാന പൊലീസ് സേനയിൽപ്പോലും വർ​ഗീയ ഫാസിസ്റ്റ് അം​ഗങ്ങൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പൊലീസിലെ തന്നെ ഉന്നതരും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മതിക്കുന്നു. കുത്തഴിഞ്ഞു പോയ ആഭ്യന്തര വകുപ്പ് നേരേയാകുന്നില്ലെങ്കിൽ സംസ്ഥാനം മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വർ​ഗീയ കലാപത്തിലേക്കു നീങ്ങുമെന്ന ആശങ്കയ്ക്കു നടുവിലാണ് എല്ലാവരുടെയും ഉറക്കം കെടുത്തുന്ന കൂട്ടക്കൊലപാതകത്തിലേക്കു കേരളം വഴുതി വീണത്.

Related posts

Leave a Comment